കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളജിലെ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങളും വിഡിയോകളും മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ നിർണായക തെളിവുകൾ തേടി പൊലീസ് അന്വേഷണം ശക്തമാക്കി. കേസിൽ കസ്റ്റഡിയിലെടുത്ത രണ്ടാം വർഷ ബി.ബി.എ വിദ്യാർഥി ശ്രീഹരിയുടെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.
കോളജ് അധികൃതർ പിടിച്ചെടുത്ത ഫോൺ പൊലീസിന് കൈമാറിയിട്ടുണ്ട്. ഫോണിൽനിന്ന് മോർഫ് ചെയ്ത ദൃശ്യങ്ങൾ, അവ നിർമിക്കാൻ ഉപയോഗിച്ച ആപ്പുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, സന്ദേശങ്ങൾ, ഗ്രൂപ്പുകളിലേക്കുള്ള കൈമാറ്റ വിവരങ്ങൾ തുടങ്ങിയവ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ടെലഗ്രാം, ഇൻസ്റ്റഗ്രാം കേന്ദ്രീകരിച്ചും അന്വേഷണം
2025 ഡിസംബർ മുതൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്. കോളജിലെ വിവിധ പരിപാടികളുടെ ചിത്രങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അവ മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയും വിവിധ ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിച്ചെന്നാണ് പരാതി.
ടെലഗ്രാം വഴി ദൃശ്യങ്ങൾ വിൽപ്പന നടത്തി പണം കൈപ്പറ്റിയെന്ന ആരോപണവും അന്വേഷണത്തിൽ ഉയർന്നിട്ടുണ്ട്. ഇക്കാര്യം ഉൾപ്പെടെ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
കോളജിൽ ശക്തമായ പ്രതിഷേധം
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വിദ്യാർഥികൾ കോളജ് ക്യാംപസിൽ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് തൃക്കാക്കര പൊലീസ് വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തത്. കോളജ് അധികൃതർ നേരത്തെ തന്നെ വിദ്യാർഥിയെ സ്ഥാപനത്തിൽനിന്ന് പുറത്താക്കിയിരുന്നു.
കോളജ് അധികൃതരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്ത്രീകളുടെ മാന്യതയെ അപമാനിക്കുന്ന പ്രവൃത്തികൾ, ഇലക്ട്രോണിക് രൂപത്തിലുള്ള അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ, സ്വകാര്യത ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഫോണിൽ തെളിവ് കണ്ടെത്താനായില്ലെന്ന പ്രാഥമിക സൂചന
ഫോണിന്റെ പ്രാഥമിക പരിശോധനയിൽ പരാതിയുമായി ബന്ധപ്പെട്ട പ്രത്യേക ചിത്രങ്ങൾ ഉടൻ കണ്ടെത്താനായില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഫോണിൽനിന്ന് നീക്കം ചെയ്ത ഫയലുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കാൻ വിശദമായ ഫൊറൻസിക് പരിശോധന നടത്തും. സംഭവവുമായി ബന്ധപ്പെട്ട വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴികളും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.
കേസിൽ ഫോൺ പരിശോധന നിർണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ദൃശ്യങ്ങൾ എവിടെനിന്നാണ് ലഭിച്ചത്, ആരാണ് മോർഫ് ചെയ്തത്, എത്ര പേരിലേക്ക് പ്രചരിപ്പിച്ചു, ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇനി അന്വേഷണത്തിൽ പ്രധാനമായും പരിശോധിക്കുക.


