ദോഹ: ഖത്തറിൽ ഇന്നും നാളെയും ചില മേഖലകളിൽ മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 5, 6 തീയതികളിൽ പ്രാദേശിക മേഘരൂപീകരണം ഉണ്ടാകാനും ഇതിന്റെ ഭാഗമായി ചില പ്രദേശങ്ങളിൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ്.
സെപ്റ്റംബർ മാസം ഖത്തറിൽ വേനലിൽ നിന്ന് ക്രമേണ കാലാവസ്ഥാ മാറ്റത്തിലേക്ക് കടക്കുന്ന സമയമാണ്. ഈ മാസം മേഘങ്ങളുടെ സാന്നിധ്യം വർധിക്കുമെന്നും ഉച്ചയ്ക്കുശേഷം ചില മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചില സാഹചര്യങ്ങളിൽ മഴ ഇടിമിന്നലോടുകൂടിയാകാനും സാധ്യതയുണ്ട്.
അതേസമയം, ഇന്ന് കടലിൽ പ്രത്യേക മുന്നറിയിപ്പ് നിലവിലില്ലെന്നാണ് ലഭിക്കുന്ന വിവരം. കടലിൽ തിരമാലകളുടെ ഉയരം 1 മുതൽ 5 അടി വരെ ആയിരിക്കുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ റോഡിലെ ദൃശ്യപരതയിലും ഗതാഗത സാഹചര്യങ്ങളിലും താൽക്കാലിക മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കുന്നത് ഉചിതമാണ്.
ഖത്തറിൽ സെപ്റ്റംബർ മാസത്തെ ശരാശരി ദൈനംദിന താപനില ദോഹയിൽ 33.1 ഡിഗ്രി സെൽഷ്യസ് ആണെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.


