പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ മൂന്ന് ചാക്കുകളിലായി സ്ത്രീയുടെയും പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. കൊല്ലപ്പെട്ട യുവതിയുടെ പങ്കാളിയായ പശ്ചിമബംഗാൾ സ്വദേശിയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങളും ഫോൺ രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്.
ചീരക്കടവ് ഭാഗത്ത് ഞായറാഴ്ചയാണ് പുഴയിൽ ചാക്കുകൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പശുവിനെ മേയ്ക്കാൻ പോയവരാണ് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് ചാക്കുകളിലായി മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ മരിച്ചത് ഏകദേശം 30 വയസ്സുള്ള യുവതിയും അഞ്ചുവയസ്സോളം പ്രായമുള്ള പെൺകുട്ടിയുമാണെന്നാണ് സൂചന. കുട്ടി യുവതിയുടെ മകളാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹങ്ങൾക്ക് ഏതാനും ദിവസത്തെ പഴക്കമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം സൂചന
പോസ്റ്റ്മോർട്ടം പരിശോധനയിൽ ഇരുവരും ക്രൂരമായി കൊല്ലപ്പെട്ടതിന്റെ സൂചനകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ശരീരഭാഗങ്ങൾ വേർപെടുത്തിയ നിലയിലായിരുന്നുവെന്നും കൊലപാതകം നടത്തിയ ശേഷം മൃതദേഹങ്ങൾ ചാക്കുകളിലാക്കി പുഴയിൽ ഉപേക്ഷിച്ചതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
പുഴയിൽ മൂന്ന് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. ഒരു ചാക്കിൽ യുവതിയുടെയും കുട്ടിയുടെയും തലകളും മറ്റുള്ളവയിൽ ശരീരഭാഗങ്ങളുമായിരുന്നു കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധരും പൊലീസ് സംഘവും സ്ഥലത്ത് പരിശോധന നടത്തി.
കാണാതായവരുടെ വിവരങ്ങളും പരിശോധിക്കുന്നു
പ്രദേശത്തും സമീപ ജില്ലകളിലുമുള്ള കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നതിനാൽ തുടക്കത്തിൽ തിരിച്ചറിയൽ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇപ്പോൾ യുവതിയുടെ പങ്കാളിയെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുപോകുകയാണ്. ഇയാൾ കേരളത്തിൽനിന്ന് കടന്നുകളഞ്ഞിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
സംഭവത്തിൽ പുതൂർ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. യുവതിയെയും കുഞ്ഞിനെയും ആരാണ് കൊലപ്പെടുത്തിയത്, കൊലപാതകത്തിന്റെ കാരണം എന്താണ്, മൃതദേഹങ്ങൾ അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ എത്തിച്ചതെങ്ങനെയാണ് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഇനി അന്വേഷണ സംഘം തേടുന്നത്


