ദോഹ: നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയിൽ പ്രവാസികൾ വഹിക്കുന്ന പങ്ക് ഏറെ പ്രശംസനീയമാണെന്ന് തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ. നാട്ടിലും ഖത്തറിലുമായി സാമൂഹിക, സാംസ്കാരിക, സേവന മേഖലകളിൽ ഫ്രണ്ട്സ് ഓഫ് തിരുവല്ല (FOTA) നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്രണ്ട്സ് ഓഫ് തിരുവല്ല (FOTA) ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിലെന്ന പോലെ പ്രവാസലോകത്തും ഓണത്തിന്റെ സന്തോഷവും ഐക്യവും ഒരുമയോടെ ആഘോഷിക്കുന്നതിലൂടെ കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ പ്രവാസി സമൂഹം നിർണായക പങ്കാണ് വഹിക്കുന്നതെന്നും വർഗീസ് മാമ്മൻ പറഞ്ഞു.
ഫോട്ടാ പ്രസിഡന്റ് തോമസ് കുര്യൻ നെടുംതറയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എയും വിശിഷ്ടാതിഥികളും ഫോട്ടാ ഭാരവാഹികളും ചേർന്ന് നിലവിളക്ക് തെളിയിച്ച് ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
ചടങ്ങിൽ മുഖ്യാതിഥിയായ അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എയെ ഫോട്ടാ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ചേർന്ന് ആദരിച്ചു. അദ്ദേഹത്തിന് മെമന്റോയും സമ്മാനിച്ചു. ഫോട്ടാ ഓണം ആഘോഷ കമ്മിറ്റി കൺവീനർ ജിജി ജോൺ സ്വാഗതവും വൈസ് പ്രസിഡന്റ് ബ്ലൂമി വർഗീസ് നന്ദിയും രേഖപ്പെടുത്തി.
വഞ്ചിപ്പാട്ട്, ചെണ്ടമേളം, മാവേലിത്തമ്പുരാന്റെ വരവേൽപ്പ്, വിവിധ കലാപരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഫോട്ടാ കമ്മിറ്റി അംഗങ്ങളായ അനു എബ്രഹാം, റോബിൻ എബ്രഹാം കോശി, അബിൻ പയ്യനാട്ട്, നിതിൻ മാത്യു, പ്രമോദ് മാത്യുസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മലയാളികളുടെ സാംസ്കാരിക പൈതൃകവും ഓണത്തിന്റെ ഐക്യവും സൗഹൃദവും വിളിച്ചോതിയ ആഘോഷത്തിൽ FOTA അംഗങ്ങളും കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.


