ഉപഭോഗം കുറയ്ക്കാൻ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതും രാജ്യവ്യാപകമായി വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. നിലവിലെ സാഹചര്യത്തിൽ വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.
വൈകുന്നേരത്തെ പീക്ക് സമയത്ത് മാത്രമല്ല, രാത്രി വൈകിയും വൈദ്യുതി ആവശ്യകത ഉയർന്നുനിൽക്കുന്നതാണ് കെഎസ്ഇബിക്ക് വലിയ വെല്ലുവിളിയാകുന്നത്. സെപ്റ്റംബർ 10ന് സംസ്ഥാനത്തെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5,024 മെഗാവാട്ട് വരെ എത്തിയിരുന്നു. സാധാരണയായി രാത്രി കുറയേണ്ട ഉപഭോഗം പുലർച്ചെ രണ്ടുമണി വരെയും ഉയർന്ന നിലയിൽ തുടരുന്നതായാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാൻ ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.ജി. രാജമാണിക്യം അഭ്യർഥിച്ചു. പ്രത്യേകിച്ച് പീക്ക് സമയങ്ങളിൽ എയർകണ്ടീഷണർ ഉൾപ്പെടെയുള്ള ഉയർന്ന വൈദ്യുതി ഉപഭോഗമുള്ള ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് നിർദേശം.
വൈദ്യുതി നിയന്ത്രണം ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പ്രദേശങ്ങളിൽ ഒരേ സമയക്രമം ഒരാഴ്ച തുടരാനും, നിയന്ത്രണ സമയത്തെക്കുറിച്ച് ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാനും കെഎസ്ഇബി നിർദേശം നൽകിയിട്ടുണ്ട്. പവർകട്ട് സംബന്ധിച്ച വിവരങ്ങൾ വാട്സാപ്പ്, എസ്എംഎസ് തുടങ്ങിയ മാർഗങ്ങളിലൂടെ അറിയിക്കുന്ന സംവിധാനവും നടപ്പാക്കിയിട്ടുണ്ട്.
അധിക വൈദ്യുതി ലഭ്യമാകുന്ന സാഹചര്യം ഉണ്ടായാൽ നിയന്ത്രണത്തിൽ ഇളവ് വരുത്താനാകുമെങ്കിലും, നിലവിലെ സാഹചര്യത്തിൽ സെപ്റ്റംബർ അവസാനം വരെ നിയന്ത്രണം തുടരാനുള്ള സാധ്യത നിലനിൽക്കുന്നതായാണ് റിപ്പോർട്ടുകൾ.


