ദേശീയപാതയിൽ അപകടമുണ്ടായാൽ 10 മിനിറ്റിനകം അടിയന്തര സഹായം
കൊല്ലം: ദേശീയപാതയിലെ അപകടങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കാവനാട്–കടമ്പാട്ടുകോണം റീച്ചിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഒരുങ്ങുന്നു. അപകടം റിപ്പോർട്ട് ചെയ്താൽ 10 മിനിറ്റിനകം ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംവിധാനങ്ങൾ ക്രമീകരിക്കുന്നത്.
അപകടവിവരം ലഭിച്ചാൽ ഹൈവേ പട്രോളിങ് സംഘം, ആംബുലൻസ്, ക്രെയിൻ, പൊലീസ്, ഫയർഫോഴ്സ് എന്നിവയെ ഏകോപിപ്പിച്ചാകും രക്ഷാപ്രവർത്തനം. അപകടത്തിന് പിന്നാലെയുള്ള തുടർദുരന്തങ്ങൾ ഒഴിവാക്കുന്നതിനായി ആദ്യം ഹൈവേ പട്രോൾ സംഘം സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും.
അടിയന്തര സഹായത്തിനായി 1033 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. കാവനാട്–കടമ്പാട്ടുകോണം റീച്ചിൽ രണ്ട് കേന്ദ്രങ്ങളിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസുകൾ സജ്ജമാക്കും. ജിപിഎസ് സംവിധാനമുള്ള ആംബുലൻസുകളിലൂടെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും ലക്ഷ്യമിടുന്നു.
അപകടത്തിൽപ്പെട്ട വാഹനങ്ങൾ വേഗത്തിൽ നീക്കം ചെയ്യുന്നതിനായി ക്രെയിനുകളും ടോവിങ് വാഹനങ്ങളും സജ്ജമാക്കും. റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കുന്നതും ഇവയുടെ ചുമതലയായിരിക്കും.
ട്രാഫിക് നിരീക്ഷണത്തിനായി 45 അത്യാധുനിക സർവൈലൻസ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അമിതവേഗം, ലെയ്ൻ ലംഘനം, നിശ്ചലമായ വാഹനങ്ങൾ, അപകടങ്ങൾ തുടങ്ങിയവ വേഗത്തിൽ കണ്ടെത്താൻ ക്യാമറകൾ സഹായിക്കും. ക്രാഷ് ബാരിയറുകൾ, റിഫ്ലക്ടീവ് റോഡ് മാർക്കിങ്, വേഗപരിധി ബോർഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവയും സുരക്ഷയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
റോഡ് നിർമാണം പൂർത്തിയായി പാത പൂർണമായി തുറന്നുകൊടുക്കുന്നതോടെ സുരക്ഷാ സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അപകടവിവരം ലഭിച്ചയുടൻ പൊലീസ്, ഫയർഫോഴ്സ്, പട്രോളിങ് സംഘം, ക്രെയിൻ, ആശുപത്രി തുടങ്ങിയ സേവനങ്ങളെ ഏകോപിപ്പിക്കുന്നതിനായി കൺട്രോൾ റൂമും പ്രവർത്തിക്കും.


