
കണ്ണൂർ: സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്സിക്ക് മൂന്ന് ക്യാപ്റ്റൻമാർ. കാമറൂൺ താരം ഏണസ്റ്റീൻ ലവ്സാംബ, സ്പാനിഷ് താരം അസിയർ ഗോമസ്, കണ്ണൂർ സ്വദേശി മുഹമ്മദ് സിനാൻ എന്നിവരാണ് ഇത്തവണ ടീമിന്റെ നേതൃത്വത്തിലുണ്ടാകുക.
ലവ്സാംബയ്ക്കും അസിയർ ഗോമസിനും സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സിനൊപ്പമുള്ളത് തുടർച്ചയായ മൂന്നാം സീസണാണ്. കഴിഞ്ഞ സീസണിലും ടീമിന്റെ ക്യാപ്റ്റൻമാരിൽ ഒരാളായിരുന്ന ലവ്സാംബ ഇത്തവണയും നേതൃത്വത്തിൽ തുടരും.
കണ്ണൂർ കക്കാട് സ്വദേശിയായ മുഹമ്മദ് സിനാനാണ് ടീമിലെ മറ്റൊരു ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനത്തിലൂടെ എമർജിങ് താരത്തിനുള്ള അംഗീകാരം സ്വന്തമാക്കിയ സിനാന് പുതിയ സീസണിൽ ടീമിന്റെ നേതൃത്വനിരയിലും നിർണായക ചുമതലയാണ് ലഭിച്ചിരിക്കുന്നത്.
വിദേശ താരങ്ങളുടെ പരിചയസമ്പത്തും നാട്ടുകാരനായ സിനാന്റെ യുവത്വവും ഒത്തുചേരുന്ന നേതൃത്വനിരയാണ് വാരിയേഴ്സ് ഒരുക്കിയിരിക്കുന്നത്. മൂന്നാം സീസണിലും കിരീടം നിലനിർത്തുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന കണ്ണൂർ വാരിയേഴ്സിന് മൂന്ന് ക്യാപ്റ്റൻമാരുടെ കൂട്ടായ നേതൃത്വം കരുത്താകുമെന്നാണ് പ്രതീക്ഷ.
സെർബിയൻ സ്ട്രൈക്കർ ബോഗ്ദാൻ സെറ്റ്മെൻകോവിച്ച് കണ്ണൂർ വാരിയേഴ്സിൽ

എം. ഷിബിൻ സാദ്,
സുധിൻ പുലക്കല്
സൂപ്പർ ലീഗ് കേരളയിലെ നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് എഫ്.സി ആക്രമണത്തിന് കരുത്ത് പകരാൻ സെർബിയൻ സ്ട്രൈക്കർ ബോഗ്ദാൻ സ്റ്റെമെൻകോവിച്ചിനെ സ്വന്തമാക്കി. കൂടാതെ പ്രതിരോധ താരം ഷിബിൻ സാദിനെയും മസാജ് തെറാപിസ്റ്റായി സുധിൻ പുലക്കലിനെയും ടീമിലെത്തിച്ചു.
സെർബിയ സ്വദേശിയായ ബോഗ്ദാൻ സ്റ്റെമെൻകോവിച്ച് സെർബിയ, ഗ്രീസ്, മോണ്ടിനെഗ്രോ എന്നീ രാജ്യങ്ങളിലെ പ്രൊഫഷണൽ ലീഗുകളിൽ കളിച്ച പരിചയസമ്പത്തുള്ള സ്ട്രൈക്കറാണ്. 2024ൽ സെർബിയൻ ആദ്യ ഡിവിഷൻ കിരീടവും നേടിയിട്ടുണ്ട്.
കണ്ണൂർ സ്വദേശിയായ സെന്റർ ബാക്ക് എം. ഷിബിൻ സാദ് കഴിഞ്ഞ തവണ കിരീടം നേടിയ കണ്ണൂർ വാരിയേഴ്സിന്റെ അംഗമായിരുന്നു. കൊൽക്കത്ത പ്രീമിയർ ലീഗിൽ ഭവാനിപൂർ എഫ്.സിയിൽ നിന്നാണ് താരം വാരിയേഴ്സിലെത്തിയിരിക്കുന്നത്.
പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ സുധിൻ പുലക്കലാണ് ടീമിന്റെ പുതിയ മസാജ് തെറാപിസ്റ്റ്. 2022ൽ മലേഷ്യയിൽ നടന്ന സുൽത്താൻ ഓഫ് ജോഹർ കപ്പിൽ ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീമിന്റെ തെറാപ്പിസ്റ്റായിരുന്നു.
ഇന്ത്യ, യു.കെ, യു.എ.ഇ എന്നിവിടങ്ങളിലെ കായിക രംഗത്ത് പ്രവർത്തിച്ച പരിചയസമ്പത്തും സുധിനുണ്ട്.
വിദേശ താരങ്ങളെത്തി
കണ്ണൂർ വാരിയേഴ്സിന്റെ നാല് വിദേശ താരങ്ങൾ കണ്ണൂരിലെത്തി. മധ്യനിര താരം ഇബ്രാഹിം ഗോമസ്, എഡ്നസ്റ്റിൻ ലോവ്സാംബ, ഫ്രെഡറിക് അന്റോൺ ബെനഡിക്ട്, പ്രതിരോധ താരം വരോ അൽവാരോ എന്നിവരാണ് കണ്ണൂർ വിമാനത്താവളത്തിലെത്തിയത്.
താരങ്ങളെ ക്ലബ് അധികൃതരും ആരാധകരും ചേർന്ന് കണ്ണൂർ വിമാനത്താവളത്തിൽ ഊഷ്മളമായി സ്വീകരിച്ചു. വരുന്ന സൂപ്പർ ലീഗ് കേരള സീസണിനായുള്ള ടീമിന്റെ ഒരുക്കങ്ങൾക്ക് വിദേശ താരങ്ങളുടെ വരവ് കൂടുതൽ കരുത്തേകും.


