Tuesday, October 6, 2026
HomeKERALAമലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് കേരളത്തിൽ ഊഷ്മള സ്വീകരണം: കാന്തപുരവുമായി കൂടിക്കാഴ്ച

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് കേരളത്തിൽ ഊഷ്മള സ്വീകരണം: കാന്തപുരവുമായി കൂടിക്കാഴ്ച

മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി ടി. സിദ്ദിഖ്, എം.പി. ഇ.ടി. മുഹമ്മദ് ബഷീർ, എംഎൽഎമാരായ ടി.പി. അഷ്റഫലി, ടി.വി. ഇബ്രാഹിം, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തു.

കോഴിക്കോട്: ബിആർഐസിഎസ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കേരളത്തിലെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നൽകി. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി ടി. സിദ്ദിഖ്, എം.പി. ഇ.ടി. മുഹമ്മദ് ബഷീർ, എംഎൽഎമാരായ ടി.പി. അഷ്റഫലി, ടി.വി. ഇബ്രാഹിം, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവർ സ്വീകരണത്തിൽ പങ്കെടുത്തു.

തുടർന്ന് കോഴിക്കോട് കാരന്തൂരിലെ മർകസ് കാമ്പസിലെത്തിയ അൻവർ ഇബ്രാഹിം കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസം, സംസ്കാരം, സാമൂഹിക വികസനം, വിജ്ഞാന കൈമാറ്റം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

മർകസ് കൺവെൻഷൻ സെന്ററിൽ അൻവർ ഇബ്രാഹിമിന് പ്രത്യേക സ്വീകരണവും ഒരുക്കി. ഷെയ്ഖ് അബൂബക്കർ ഫൗണ്ടേഷന്റെ എക്സലൻസ് അവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചു. തുടർന്ന് കാന്തപുരത്തിനൊപ്പമാണ് അൻവർ ഇബ്രാഹിം മാവൂർ മടവൂർ സി.എം. വലിയുല്ലാഹിയുടെ ദർഗയും സന്ദർശിച്ചത്.

പ്രധാനമന്ത്രിയായ ശേഷമുള്ള അൻവർ ഇബ്രാഹിമിന്റെ കേരള സന്ദർശനം ശ്രദ്ധേയമാണെങ്കിലും, കാന്തപുരവുമായി കൂടിക്കാഴ്ചയ്ക്കായി അദ്ദേഹം കേരളത്തിലെത്തുന്നത് ഇതാദ്യമല്ല. 2022 സെപ്റ്റംബറിലും അദ്ദേഹം മർകസിലെത്തി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2023ൽ കാന്തപുരത്തിന് മലേഷ്യയുടെ പ്രമുഖ ഇസ്ലാമിക ബഹുമതിയായ ഹിജ്റ അവാർഡ് സമ്മാനിക്കുകയും ചെയ്തിരുന്നു.

ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അൻവർ ഇബ്രാഹിം കേരളത്തിലെത്തിയത്. ഇന്ത്യ–മലേഷ്യ ബന്ധം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, സെമികണ്ടക്ടർ മേഖല, ഊർജം, ടൂറിസം തുടങ്ങിയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്തിരുന്നു.

അൻവർ ഇബ്രാഹിമിന്റെ കേരള സന്ദർശനം ഇന്ത്യ–മലേഷ്യ ബന്ധത്തിനൊപ്പം കേരളവും മലേഷ്യയും തമ്മിലുള്ള വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക ബന്ധങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നതായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments