ദോഹ: ഖത്തറുമായുള്ള ഇന്ത്യയുടെ ശക്തമായ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും പരസ്പര സഹകരണം വിപുലീകരിക്കുന്നതിനും മുൻഗണന നൽകുമെന്ന് ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. കെ. ശ്രീകർ റെഡ്ഡി. ഇന്ത്യ–ഖത്തർ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനും പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിലെ വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. നാല് പ്രധാന ഇന്ത്യൻ സംഘടനകളുടെ ഭാരവാഹികളും നിരവധി സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികളും പങ്കെടുത്തു.
“പ്രധാനപ്പെട്ട ഈ ഘട്ടത്തിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ജനങ്ങളുമായുള്ള ബന്ധങ്ങളുടെയും, ഇടപെടലുകളുടെയും, നയതന്ത്ര, വ്യാപാര, ബന്ധങ്ങളുടെയും അടിസ്ഥാനത്തിലാണ് വളർന്നത്,” അംബാസഡർ പറഞ്ഞു.
ഖത്തറിലെ ഇന്ത്യൻ സമൂഹം ആരോഗ്യരംഗം, വിദ്യാഭ്യാസം, എൻജിനീയറിങ്, സാങ്കേതികവിദ്യ, നിർമാണം തുടങ്ങി വിവിധ മേഖലകളിൽ നിർണായക സംഭാവനകൾ നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഹകരണത്തിന് പുതിയ മേഖലകൾ
ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ഊർജരംഗത്ത് മാത്രമല്ല, പുനരുപയോഗ ഊർജം, ഹരിത ഹൈഡ്രജൻ, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ, കൃത്രിമ ബുദ്ധി (AI), ഫിൻടെക്, ബഹിരാകാശം തുടങ്ങിയ ഉയർന്നുവരുന്ന മേഖലകളിലേക്കും വ്യാപിപ്പിക്കാനാകുമെന്ന് ഡോ. ശ്രീകർ റെഡ്ഡി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ഊർജസഹകരണം എന്നിവയ്ക്ക് പുറമെ പുതിയ മേഖലകളിലും വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
“സാമ്പത്തിക പങ്കാളിത്തം വികസിപ്പിക്കുന്നതിനൊപ്പം വിവിധ മേഖലകളിൽ കൂടുതൽ സഹകരണ സാധ്യതകൾ കണ്ടെത്തുകയാണ് ലക്ഷ്യം. ഇരു രാജ്യങ്ങളുടെയും വളർച്ചയ്ക്കും ക്ഷേമത്തിനും ഇത് സഹായകരമാകും,” അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമൂഹത്തിന് ഉറച്ച പിന്തുണ
ഖത്തറിലെ ഇന്ത്യൻ സമൂഹം ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധത്തിന്റെ ‘ജീവിക്കുന്ന പാലം’ ആണെന്ന് അംബാസഡർ വിശേഷിപ്പിച്ചു.
ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനും സുരക്ഷയ്ക്കും തന്റെ ഓഫീസ് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് ദുർബല വിഭാഗങ്ങളുടെ ക്ഷേമത്തിന് കൂടുതൽ ശ്രദ്ധ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ആവശ്യമായ കോൺസുലർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ക്ഷേമപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ കൾച്ചറൽ സെന്ററും ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവും (ICBF) ഉൾപ്പെടെയുള്ള സംഘടനകളുമായി അടുത്ത് പ്രവർത്തിക്കുമെന്നും അംബാസഡർ അറിയിച്ചു.
“ഇന്ത്യ–ഖത്തർ ബന്ധം കൂടുതൽ ആഴത്തിലാക്കുകയും പുതിയ സഹകരണ മേഖലകൾ കണ്ടെത്തുകയും ചെയ്യുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം,” ഡോ. ശ്രീകർ റെഡ്ഡി പറഞ്ഞു.
ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠൻ , ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ , ഐ ബി പി സി പ്രസിഡണ്ട് താഹ മുഹമ്മദ് അബ്ദുൽ കരീം, ഐ എസ് സി പ്രസിഡണ്ട് ഇ പി അബ്ദുൾറഹ്മാൻ തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും കമ്മ്യൂണിറ്റി അംഗങ്ങളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
picture credit to GT


