പുതിയ നടപടി ഇന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ച കുടിയേറ്റ പരിഷ്‌കാര പാക്കേജിന്റെ ഭാഗമായാണ്
കുടിയേറ്റ നയത്തിൽ പരിഷ്‌കാരങ്ങളുമായി ഫെഡറൽ സർക്കാർ; ലക്ഷ്യം വിദേശ കുടിയേറ്റം കുറയ്ക്കലും വിസാ നിയമങ്ങൾ കർശനമാക്കലും
ഓസ്‌ട്രേലിയയിൽ പഠനത്തിനായി എത്തുന്ന അന്താരാഷ്ട്ര വിദ്യാർഥികൾക്ക് കുടുംബാംഗങ്ങളെ സ്റ്റുഡന്റ് വിസയിൽ കൂടെ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ഫെഡറൽ സർക്കാർ. വ്യാഴാഴ്ച പ്രഖ്യാപിച്ച കുടിയേറ്റ പരിഷ്‌കാര പാക്കേജിന്റെ ഭാഗമായാണ് പുതിയ നടപടി.
വിദേശ കുടിയേറ്റം കുറയ്ക്കുക, വിസാ നിയമങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കുക, രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾക്കനുസൃതമായി കുടിയേറ്റ സംവിധാനം ക്രമീകരിക്കുക എന്നിവയാണ് പരിഷ്‌കാരങ്ങളുടെ പ്രധാന ലക്ഷ്യങ്ങളെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി.
കോവിഡ് മഹാമാരിക്കുശേഷം കുത്തനെ ഉയർന്ന വിദേശ കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ പുതിയ നടപടികളിലേക്ക് കടക്കുന്നത്. രാജ്യത്തെ അറ്റ വിദേശ കുടിയേറ്റം മഹാമാരിക്കുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽനിന്ന് 47 ശതമാനം കുറഞ്ഞ് 2,92,000 ആയി താഴ്ന്നതായി സർക്കാർ അറിയിച്ചു.
വിദേശ വിദ്യാർഥികൾക്ക് കുടുംബാംഗങ്ങളെ കൂടെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ കുടിയേറ്റ സംവിധാനത്തിലെ സമ്മർദം കുറയ്ക്കാനും വിസാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിടുന്നതായാണ് സർക്കാർ വിശദീകരണം.
ഓസ്‌ട്രേലിയയുടെ സാമ്പത്തിക ആവശ്യങ്ങൾക്കനുസരിച്ചുള്ള കുടിയേറ്റ നയം രൂപപ്പെടുത്തുന്നതിനൊപ്പം രാജ്യത്തേക്കുള്ള വിദേശ കുടിയേറ്റത്തിന്റെ തോത് നിയന്ത്രിക്കുന്നതിനും പുതിയ പരിഷ്‌കാരങ്ങൾ സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.


