Tuesday, October 6, 2026
HomeKERALAവിസയും പാസ്‌പോർട്ടുമില്ല:കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശി വനിതകൾ അറസ്റ്റിൽ

വിസയും പാസ്‌പോർട്ടുമില്ല:കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശി വനിതകൾ അറസ്റ്റിൽ

വ്യാജ രേഖകൾ ഉപയോഗിച്ച് രാജ്യത്ത് താമസിച്ചെന്ന സംശയം; സ്പായിൽ ജോലി ചെയ്തിരുന്നവരെന്ന് പൊലീസ്

കണ്ണൂർ: മതിയായ യാത്രാരേഖകളില്ലാതെ ഇന്ത്യയിൽ താമസിച്ചെന്ന കേസിൽ അഞ്ച് ബംഗ്ലാദേശി വനിതകളെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ നഗരത്തിലെ ഒരു സ്പായിൽ ജോലി ചെയ്തിരുന്ന ഇവർ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വിദേശ വനിതകൾ ആവശ്യമായ രേഖകളില്ലാതെ നഗരത്തിൽ താമസിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. കോടതിയിൽ നിന്ന് സെർച്ച് വാറന്റ് നേടിയ ശേഷമാണ് പൊലീസ് സംഘം ഇവർ താമസിച്ചിരുന്ന സ്ഥലത്ത് പരിശോധന നടത്തിയത്.

പാസ്‌പോർട്ടും വിസയും കണ്ടെത്തിയില്ല

പരിശോധനയ്ക്കിടെ ഇന്ത്യയിൽ പ്രവേശിച്ചതിന് ആവശ്യമായ സാധുവായ പാസ്‌പോർട്ടോ വിസയോ മറ്റ് യാത്രാരേഖകളോ ഇവരുടെ കൈവശമില്ലെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

മൊബൈൽ ഫോണുകളിലും മറ്റ് രേഖകളിലും ബംഗ്ലാദേശ് ദേശീയ തിരിച്ചറിയൽ രേഖകളുടെ വിവരങ്ങൾ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ഇന്ത്യൻ തിരിച്ചറിയൽ രേഖകളെന്ന് കരുതുന്ന ചില രേഖകളും അന്വേഷണസംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വ്യാജ രേഖകൾ ഉപയോഗിച്ചോയെന്ന് അന്വേഷണം

ഇന്ത്യൻ രേഖകൾ വ്യാജമായി തയ്യാറാക്കി ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത്തരം രേഖകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകളോ മൊബൈൽ സിം കാർഡുകളോ നേടിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

അറസ്റ്റിലായവർ അസമിൽനിന്ന് രേഖകൾ സംഘടിപ്പിച്ച ശേഷമാണ് കേരളത്തിലെത്തിയതെന്ന്  ചോദ്യം ചെയ്യലിൽ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ മൊഴികളിലെ വിവരങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

സ്പായിൽ ജോലി ചെയ്തിരുന്നു

അറസ്റ്റിലായ നാല് പേരും കണ്ണൂർ നഗരത്തിലെ ഒരു സ്പായിൽ ജോലി ചെയ്തുവരികയായിരുന്നുവെന്നാണ് വിവരം. ഇവർ കഴിഞ്ഞ ഏതാനും മാസങ്ങളായി കണ്ണൂരിൽ താമസിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വനിതകൾക്ക് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും ആവശ്യമായ രേഖകൾ എങ്ങനെ ലഭിച്ചു, ഇവരെ കേരളത്തിലെത്തിക്കാൻ ആരെങ്കിലും സഹായിച്ചോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാണ്.

സ്പാ നടത്തിപ്പുകാരനെയും ചോദ്യം ചെയ്യും

വനിതകൾക്ക് ജോലി നൽകിയ സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്റെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ വനിതകൾ നൽകിയ രേഖകൾ ഇന്ത്യൻ വിലാസത്തിലുള്ളതായിരുന്നുവെന്നും തനിക്ക് ഇവരുടെ യഥാർഥ പശ്ചാത്തലം അറിയില്ലായിരുന്നുവെന്നും നടത്തിപ്പുകാരൻ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

അന്വേഷണം വ്യാപിപ്പിക്കുന്നു

കണ്ണൂരിൽ സമാനമായ കേസിൽ മറ്റൊരു ബംഗ്ലാദേശി വനിതയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നാല് പേരെ കൂടി പിടികൂടിയത്.

വിദേശ പൗരന്മാർ വ്യാജ രേഖകളുടെ സഹായത്തോടെ കേരളത്തിലെത്തുകയും താമസിക്കുകയും ചെയ്യുന്നുണ്ടോ, ഇവർക്ക് പിന്നിൽ ഇടനിലക്കാരോ സംഘടിത ശൃംഖലയോ പ്രവർത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.അറസ്റ്റിലായ അഞ്ച് പേരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments