കൊച്ചി: എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിൽ ടിക്കറ്റില്ലാതെയും ക്രമവിരുദ്ധമായും യാത്ര ചെയ്ത 289 പേരെ പിടികൂടി. മൂന്ന് മണിക്കൂർ നീണ്ട പരിശോധനയിൽ ഇവരിൽ നിന്ന് ആകെ 1,75,489 രൂപ പിഴ ഈടാക്കി
സെപ്റ്റംബർ 27 ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ 7 മണി വരെയാണ് തിരുവനന്തപുരം ഡിവിഷൻ ടിക്കറ്റ് ചെക്കിങ് സ്ക്വാഡ് പ്രത്യേക പരിശോധന നടത്തിയത്. റെയിൽവേ അധികൃതർ ‘Fortress Check’ എന്ന പേരിലാണ് പരിശോധന നടത്തിയത്.
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതും അനുവദിച്ച റൂട്ടിന് വിരുദ്ധമായി യാത്ര ചെയ്യുന്നതുമടക്കമുള്ള ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. പിടിയിലായ 289 കേസുകളിൽ നിന്നാണ് 1.75 ലക്ഷം രൂപയിലധികം പിഴ ഈടാക്കിയത്.
ടിക്കറ്റില്ലാ യാത്ര തടയുന്നതിനായി ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സാധുവായ ടിക്കറ്റുമായി മാത്രം യാത്ര ചെയ്യണമെന്നും ടിക്കറ്റ് എടുക്കുന്നതിനായി റെയിൽവേയുടെ RailOne മൊബൈൽ ആപ്പ് ഉപയോഗിക്കാമെന്നും ദക്ഷിണ റെയിൽവേ യാത്രക്കാരെ ഓർമ്മിപ്പിച്ചു.
ഇതിന് പിന്നാലെ തിരുവനന്തപുരം ഡിവിഷനിൽ സെപ്റ്റംബർ 21–22 തീയതികളിൽ നടത്തിയ 16 മണിക്കൂർ നീണ്ട മറ്റൊരു പരിശോധനയിലും 678 ടിക്കറ്റ് രഹിത യാത്രാ കേസുകൾ കണ്ടെത്തിയിരുന്നു. എറണാകുളം, തിരുവനന്തപുരം, കൊല്ലം, നാഗർകോവിൽ മേഖലകളിലായി നടത്തിയ പരിശോധനയിൽ 5,08,005 രൂപ പിഴ ഈടാക്കിയതായും റെയിൽവേ അറിയിച്ചു.


