‘ഓരോ ചുവടും പ്രധാനമാണ്’ എന്ന സന്ദേശവുമായി നസീം ഹെൽത്ത്കെയറിന്റെ വാർഷിക ബോധവൽക്കരണ വാക്കത്തോൺ
നസീം ഹെൽത്ത്കെയർ സംഘടിപ്പിച്ച ‘കാൻ വാക്ക്’ 2026 വാക്കത്തോണിൽ ദോഹ ആസ്പയർ പാർക്കിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു. നേരത്തെയുള്ള രോഗനിർണയത്തിന്റെയും സ്ക്രീനിങ്ങിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടി ബോധവൽക്കരണ പരിപാടി
ദോഹ: സ്തനാർബുദ ബോധവൽക്കരണം, നേരത്തെയുള്ള രോഗനിർണയം, കൃത്യസമയത്തെ പരിശോധന എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടി നസീം ഹെൽത്ത്കെയർ സംഘടിപ്പിച്ച ‘കാൻ വാക്ക്’ വാക്കത്തോണിൽ ആയിരത്തിലേറെ പേർ പങ്കെടുത്തു.
ഒക്ടോബർ 2ന് രാവിലെ ദോഹയിലെ ആസ്പയർ പാർക്കിൽ നടന്ന പരിപാടിയിൽ വിവിധ പ്രായത്തിലുള്ളവരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുമായ നിരവധി പേർ അണിനിരന്നു. “Every Step Matters” — “ഓരോ ചുവടും പ്രധാനമാണ്” എന്ന സന്ദേശമുയർത്തിയാണ് പങ്കാളികൾ നടന്നത്.
സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിനും കൃത്യസമയത്ത് സ്ക്രീനിങ് നടത്തുന്നതിനുമുള്ള പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. വ്യക്തികളും കുടുംബങ്ങളും സ്വന്തം ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും സംഘാടകർ ആഹ്വാനം ചെയ്തു.
വളരുന്ന ജനപങ്കാളിത്തം
നസീം ഹെൽത്ത്കെയറിന്റെ വാർഷിക ബോധവൽക്കരണ സംരംഭമായി മാറിയ ‘കാൻ വാക്ക്’, ഓരോ വർഷവും കൂടുതൽ ആളുകളെ പങ്കെടുപ്പിക്കുന്ന ഒരു കൂട്ടായ്മയായി വളരുകയാണെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയിലെ പങ്കാളിത്തം ഖത്തറിലെ സമൂഹത്തിൽ സ്തനാർബുദ ബോധവൽക്കരണത്തിനും പ്രതിരോധ ആരോഗ്യപരിപാലനത്തിനുമുള്ള താൽപര്യം വർധിക്കുന്നതിന്റെ സൂചനയാണെന്നും നസീം ഹെൽത്ത്കെയർ വ്യക്തമാക്കി.
“കാൻ വാക്ക് ഒരു വാക്കത്തോൺ മാത്രമല്ല. ബോധവൽക്കരണവും സമൂഹത്തിന്റെ കൂട്ടായ്മയും ഓരോ ചുവടിനും മാറ്റം സൃഷ്ടിക്കാനാകുമെന്ന വിശ്വാസവും അടിസ്ഥാനമാക്കിയുള്ള ഒരു മുന്നേറ്റമാണിത്.” നസീം ഹെൽത്ത്കെയർ ജനറൽ മാനേജർ–ഓപ്പറേഷൻസ് ആൻഡ് എച്ച്.ആർ ബാബു ഷാനവാസ് പറഞ്ഞു
“പരിപാടിയിൽ ലഭിച്ച വലിയ ജനപങ്കാളിത്തം കൂട്ടായ പ്രവർത്തനത്തിലൂടെ ഒരു ആരോഗ്യസന്ദേശം കൂടുതൽ ദൂരത്തേക്ക് എത്തിക്കാനാകുമെന്നതിന്റെ ശക്തമായ തെളിവാണെന്ന് “നസീം ഹെൽത്ത്കെയർ ജനറൽ മാനേജർ–സ്ട്രാറ്റജി ഡോ. മുനീർ അലി ഇബ്രാഹിം പറഞ്ഞു.
“ഈ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. കൃത്യസമയത്തെ സ്ക്രീനിങ്ങിന്റെയും നേരത്തെയുള്ള രോഗനിർണയത്തിന്റെയും പ്രാധാന്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ തുടർന്നും പ്രവർത്തിക്കും.”
ബോധവൽക്കരണം ഒരു മാസത്തിൽ മാത്രം ഒതുങ്ങരുത്
സ്തനാർബുദ ബോധവൽക്കരണം ബ്രസ്റ്റ് കാൻസർ അവയർനെസ് മാസത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല എന്ന പ്രധാന സന്ദേശവും ‘കാൻ വാക്ക്’ മുന്നോട്ടുവച്ചു.
സ്ഥിരമായ ആരോഗ്യപരിശോധനകളും ആവശ്യമായ സമയത്ത് ഡോക്ടറുടെ ഉപദേശം തേടുന്നതും ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യവും പരിപാടിയിൽ ചൂണ്ടിക്കാട്ടി.
ആസ്പയർ പാർക്കിൽ ലഭിച്ച വലിയ ജനപങ്കാളിത്തം ‘കാൻ വാക്ക്’ സംരംഭത്തോടുള്ള പൊതുജനങ്ങളുടെ വർധിച്ചുവരുന്ന താൽപര്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് നസീം ഹെൽത്ത്കെയർ അറിയിച്ചു.
നസീം ഹെൽത്ത്കെയർ
ഗുണമേന്മയുള്ളതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനൊപ്പം പ്രതിരോധ ആരോഗ്യപരിപാലനം, ആരോഗ്യബോധവൽക്കരണം, സമൂഹക്ഷേമം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ആരോഗ്യശൃംഖലയാണ് നസീം ഹെൽത്ത്കെയർ.
വിവിധ ആരോഗ്യബോധവൽക്കരണ പരിപാടികളിലൂടെയും സമൂഹകേന്ദ്രിത പ്രവർത്തനങ്ങളിലൂടെയും വ്യക്തികളെയും കുടുംബങ്ങളെയും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നസീം ഹെൽത്ത്കെയർ നടത്തിവരുന്നത്.


