Tuesday, October 6, 2026
HomeKERALAപ്രവാസിക്ഷേമത്തിന് നോർക്കയുടെ ആഗോള ഇടപെടൽ: 11 മേഖലാ കോ-ഓർഡിനേഷൻ കൗൺസിലുകൾ വരുന്നു

പ്രവാസിക്ഷേമത്തിന് നോർക്കയുടെ ആഗോള ഇടപെടൽ: 11 മേഖലാ കോ-ഓർഡിനേഷൻ കൗൺസിലുകൾ വരുന്നു

ലോക കേരള സഭാംഗങ്ങൾ, പ്രവാസി സംഘടനാ പ്രതിനിധികൾ, പ്രമുഖ പ്രവാസികൾ തുടങ്ങിയവർക്ക് കൗൺസിലുകളിൽ പങ്കാളിത്തമുണ്ടാകും

കൊച്ചി: വിദേശ മലയാളികൾക്ക്, പ്രത്യേകിച്ച് വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് അതത് രാജ്യങ്ങളിൽ തന്നെ ആവശ്യമായ സഹായവും മാർഗനിർദേശവും ലഭ്യമാക്കാൻ 11 ഗ്ലോബൽ നോർക്ക കോ-ഓർഡിനേഷൻ കൗൺസിലുകൾ രൂപീകരിക്കാൻ നീക്കം. നവംബറോടെ കൗൺസിലുകൾ നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. ഓരോ കൗൺസിലിന് കീഴിലും നാല് ഹെൽപ് ഡെസ്കുകൾ വീതം പ്രവർത്തിക്കും.

വിദേശ മലയാളികൾ നേരിടുന്ന ഇമിഗ്രേഷൻ പ്രശ്നങ്ങൾ, നിയമപരമായ വിഷയങ്ങൾ, പഠനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ, അടിയന്തര സാഹചര്യങ്ങൾ തുടങ്ങിയവയിൽ സഹായവും മാർഗനിർദേശവും നൽകുകയാണ് സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. പ്രവാസി സംഘടനകൾ വഴി നിലവിൽ നടക്കുന്ന പ്രവർത്തനങ്ങളെ കൂടുതൽ ഏകോപിതവും ഘടനാപരവുമാക്കാനും പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു.

11 മേഖലകൾ

നോർക്കയുടെ ആഗോള കോ-ഓർഡിനേഷൻ സംവിധാനം താഴെപ്പറയുന്ന 11 മേഖലകളായാണ് വിഭജിക്കുന്നത്:

  1. ജർമ്മനി, ബെൽജിയം, നെതർലൻഡ്സ്, ലക്സംബർഗ്
  2. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്
  3. വെസ്റ്റ് ആൻഡ് നോർത്തേൺ ആഫ്രിക്ക
  4. ഈസ്റ്റ് ആഫ്രിക്ക
  5. സൗത്ത് ആൻഡ് സെൻട്രൽ ആഫ്രിക്ക
  6. നോർഡിക് മേഖല – ഡെന്മാർക്ക്, ഫിൻലൻഡ്, ഐസ്‌ലാൻഡ്, നോർവേ, സ്വീഡൻ
  7. ഈസ്റ്റ് ഏഷ്യ
  8. ആസിയാൻ രാജ്യങ്ങൾ
  9. ഈസ്റ്റേൺ യൂറോപ്പ് ആൻഡ് റഷ്യ
  10. ഇറ്റലി, മാൾട്ട
  11. യുകെ, അയർലൻഡ്
വിദ്യാർഥികൾക്കും പ്രത്യേക സഹായം

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർഥികൾക്ക് ഇമിഗ്രേഷൻ, താമസം, നിയമപ്രശ്നങ്ങൾ, പഠനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ തുടങ്ങിയ സാഹചര്യങ്ങളിൽ പ്രാദേശികമായി സഹായം ലഭ്യമാക്കാൻ ഈ സംവിധാനത്തിന് സാധിക്കും. വിദേശത്ത് പഠിക്കുന്ന കേരളീയ വിദ്യാർഥികൾക്കായി നോർക്ക നിലവിൽ സ്റ്റുഡന്റ് ഐഡി കാർഡ് സംവിധാനവും നടപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

വിദേശത്ത് നിയമപരമായ പ്രശ്നങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക് സഹായം നൽകുന്നതിനായി നോർക്കയ്ക്ക് പ്രവാസി ലീഗൽ എയ്‌ഡ്‌ സെൽ നിലവിലുണ്ട്. പുതിയ മേഖലാ കൗൺസിലുകൾ നിലവിൽ വരുന്നതോടെ ഇത്തരം സേവനങ്ങൾ കൂടുതൽ ഏകോപിതമായി ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.

കാനഡ മാതൃകയിൽ ആഗോള വ്യാപനം

കാനഡയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ മാതൃക വിജയകരമായതിനെ തുടർന്നാണ് വിവിധ രാജ്യങ്ങളെ മേഖലകളായി തിരിച്ച് പുതിയ സംവിധാനം വ്യാപിപ്പിക്കുന്നത്. ലോക കേരള സഭാംഗങ്ങൾ, പ്രവാസി സംഘടനാ പ്രതിനിധികൾ, പ്രമുഖ പ്രവാസികൾ തുടങ്ങിയവർക്ക് കൗൺസിലുകളിൽ പങ്കാളിത്തമുണ്ടാകും.

നിലവിലുള്ള പ്രവാസി സംഘടനകളുടെ പ്രവർത്തനങ്ങളെ ഒരു പൊതുവേദിയിൽ ഏകോപിപ്പിക്കുകയും കൂടുതൽ പ്രവാസികളെ ക്ഷേമ-സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ മറ്റൊരു ലക്ഷ്യം. നോർക്ക റൂട്ട്സ് ഇതിനകം പ്രവാസി ഐഡി, ഇൻഷുറൻസ്, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, നിയമസഹായം, നൈപുണ്യ പരിശീലനം തുടങ്ങിയ വിവിധ സേവനങ്ങൾ നൽകുന്നുണ്ട്.

വിദേശ മലയാളികളുടെ അടിയന്തര ആവശ്യങ്ങളിൽ പ്രാദേശികമായി ഇടപെടാനും വിദ്യാർഥികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് കൂടുതൽ സുരക്ഷയും പിന്തുണയും ഉറപ്പാക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments