Tuesday, October 6, 2026
HomeQatarമക്കയെ ലക്ഷ്യമിട്ട ഹൂതി ഡ്രോൺ ആക്രമണം: ശക്തമായി അപലപിച്ച് ഖത്തർ

മക്കയെ ലക്ഷ്യമിട്ട ഹൂതി ഡ്രോൺ ആക്രമണം: ശക്തമായി അപലപിച്ച് ഖത്തർ

ദോഹ: വിശുദ്ധ നഗരമായ മക്ക അൽ മുകറമയെ ലക്ഷ്യമിട്ട് നടത്തിയ ഹൂതി ഡ്രോൺ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. മതപരവും ധാർമികവും മാനുഷികവുമായ തത്വങ്ങളുടെ ലംഘനമാണ് ഇത്തരം ആക്രമണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഖത്തർ ആക്രമണത്തിനെതിരെ ശക്തമായ നിലപാട് അറിയിച്ചത്. ഇസ്‌ലാമിലെ ഏറ്റവും വിശുദ്ധമായ പള്ളിയായ മസ്ജിദുൽ ഹറമിന്റെ പവിത്രതയ്ക്ക് ഭീഷണിയുയർത്താനുള്ള ഏത് ശ്രമത്തെയും ഖത്തർ ശക്തമായി തള്ളിക്കളഞ്ഞു.
ആക്രമണത്തെ “ലജ്ജാകരമായ ആക്രമണവും” ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്‌ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്ന “പ്രത്യക്ഷമായ പ്രകോപനവും” എന്നാണ് പ്രസ്താവന വിശേഷിപ്പിച്ചത്.

വിശുദ്ധ കേന്ദ്രങ്ങളുടെ സുരക്ഷയും അവിടെയെത്തുന്ന തീർഥാടകരുടെ സുരക്ഷയും ഒരിക്കലും ലക്ഷ്യമിടുകയോ ഭീഷണിപ്പെടുത്തുകയോ സംഘർഷങ്ങളിൽ ഉപയോഗപ്പെടുത്തുകയോ ചെയ്യരുതെന്ന് ഖത്തർ വ്യക്തമാക്കി.
മക്കയെയും ഇസ്‌ലാമിക വിശുദ്ധ കേന്ദ്രങ്ങളെയും അപകടത്തിലാക്കുന്ന നടപടികൾ ഗുരുതരമായ സംഘർഷവ്യാപനത്തിന് ഇടയാക്കുമെന്നും അവയുടെ മതപരവും ആത്മീയവുമായ പ്രാധാന്യത്തെ അവഗണിക്കുന്നതായിരിക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി.
സൗദി അറേബ്യയോട് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഖത്തർ, രാജ്യത്തിന്റെ സുരക്ഷയും ഭൂപ്രദേശവും ഇസ്‌ലാമിക വിശുദ്ധ കേന്ദ്രങ്ങളും തീർഥാടകരെയും സംരക്ഷിക്കുന്നതിനായി റിയാദ് സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ അറിയിച്ചു.
സിവിലിയന്മാർക്കും വിശുദ്ധ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ ഖത്തർ ഒരിക്കൽക്കൂടി തള്ളിക്കളഞ്ഞു. മതപരമായ വിശുദ്ധ കേന്ദ്രങ്ങളുടെ പവിത്രത മാനിക്കണമെന്നും പ്രാദേശിക സംഘർഷങ്ങളുടെയും സംഘർഷവ്യാപനത്തിന്റെയും പ്രത്യാഘാതങ്ങളിൽ നിന്ന് അവയെ അകറ്റിനിർത്തണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
(QNA)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments