Tuesday, October 6, 2026
HomeKERALAമുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റിലെ നിർമാണ ക്രമക്കേട്:വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റിലെ നിർമാണ ക്രമക്കേട്:വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

മഴക്കാലത്ത് ഫ്ലാറ്റിനുള്ളിൽ വെള്ളം ചോർന്നിറങ്ങുന്നതും ശുചിമുറികളിൽ നിന്നുള്ള വെള്ളം കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നതും ഉൾപ്പെടെയുള്ള പരാതികൾ താമസക്കാർ ഉന്നയിച്ചിരുന്നു

കൊച്ചി: മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് സമുച്ചയത്തിലെ നിർമാണ ക്രമക്കേടുകളും അപാകതകളും സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. നിർമാണവുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം നടത്താനാണ് നിർദേശം.

മുണ്ടംവേലിയിൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിൽ ഗുരുതരമായ നിർമാണ പ്രശ്നങ്ങൾ നേരിടുന്നതായി നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. 2024 ജനുവരിയിൽ 77 കുടുംബങ്ങളാണ് ഫ്ലാറ്റിലേക്ക് താമസം മാറ്റിയത്. താമസം തുടങ്ങി അധികം വൈകാതെ തന്നെ ചോർച്ച, ഭിത്തികളിലെ വിള്ളൽ, വൈദ്യുതി സംവിധാനത്തിലെ തകരാറുകൾ തുടങ്ങിയ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു.

മഴക്കാലത്ത് ഫ്ലാറ്റിനുള്ളിൽ വെള്ളം ചോർന്നിറങ്ങുന്നതും ശുചിമുറികളിൽ നിന്നുള്ള വെള്ളം കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നതും ഉൾപ്പെടെയുള്ള പരാതികൾ താമസക്കാർ ഉന്നയിച്ചിരുന്നു. കെട്ടിടത്തിന്റെ ഘടനയുമായി ബന്ധപ്പെട്ടും ആശങ്കകൾ ഉയർന്നിട്ടുണ്ട്. നേരത്തെ വിദഗ്ധ പരിശോധനകളും നടന്നിരുന്നു.

നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് ഉത്തരവാദിത്തം ആർക്കാണെന്നും പദ്ധതിയുടെ നിർമാണത്തിലും മേൽനോട്ടത്തിലും ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോയെന്നും വിജിലൻസ് അന്വേഷണത്തിലൂടെ പരിശോധിക്കും. ഉദ്യോഗസ്ഥർ, കരാർ നടപടികൾ, നിർമാണ നിലവാരം, പദ്ധതിക്കായി ചെലവഴിച്ച തുക എന്നിവയും അന്വേഷണത്തിന്റെ പരിധിയിൽ വരും.

ഫ്ലാറ്റ് സമുച്ചയത്തിന്റെ നിലവിലെ അവസ്ഥയെച്ചൊല്ലി കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ രാഷ്ട്രീയവിവാദവും ഉയർന്നിരുന്നു. കെട്ടിടം പൊളിക്കേണ്ട സാഹചര്യമുണ്ടെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കു പിന്നാലെ മുൻ കൊച്ചി എംഎൽഎ കെ.ജെ. മാക്സി ഉൾപ്പെടെയുള്ളവർ വ്യത്യസ്ത നിലപാടുകളുമായി രംഗത്തെത്തിയിരുന്നു.

വിജിലൻസ് അന്വേഷണം ആരംഭിക്കുന്നതോടെ മുണ്ടംവേലി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ഔദ്യോഗിക അന്വേഷണത്തിലൂടെ വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസം ഉൾപ്പെടെയുള്ള വിഷയങ്ങളിലും സർക്കാർ തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments