തിരഞ്ഞെടുപ്പ് കമ്മിഷനിലെ മൂന്ന് അംഗങ്ങൾക്കിടയിൽ SIR ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായെന്ന റിപ്പോർട്ടുകളാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് പ്രധാന കാരണം
ന്യൂഡൽഹി: വോട്ടർപട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികളെച്ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തു. സെപ്റ്റംബർ 25ന് സംസ്ഥാനതല തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ചുകൾ നടത്താനാണ് കോൺഗ്രസ് സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും അദ്ദേഹത്തിന്റെ കാലയളവിലെ തീരുമാനങ്ങളും വോട്ടർപട്ടികയിലെ മാറ്റങ്ങളും സ്വതന്ത്രമായി പരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പാർട്ടി നേതാവ് കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തെ ശക്തമായി വിമർശിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മിഷനിലെ മൂന്ന് അംഗങ്ങൾക്കിടയിൽ SIR ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായെന്ന റിപ്പോർട്ടുകളാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് പ്രധാന കാരണം. ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ പത്ത് മാസത്തിനിടെ കുറഞ്ഞത് 14 തവണ ചില തീരുമാനങ്ങളോടും ഉത്തരവുകളോടും എതിർപ്പ് രേഖപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു.
ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഗ്യാനേഷ് കുമാറിനെതിരെ കൂടുതൽ നടപടി വേണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികൾ ഉയർത്തുകയാണ്. ഗ്യാനേഷ് കുമാറിനെ നീക്കുന്നതിനുള്ള പ്രമേയം പാർലമെന്റിന്റെ ഇരുസഭകളിലും കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുമായി കോൺഗ്രസ് ചർച്ച നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ വിഷയത്തിൽ വ്യത്യസ്ത വിശദീകരണമാണ് നൽകിയത്. വ്യക്തിഗത അഭിപ്രായങ്ങളോ ആഭ്യന്തര കുറിപ്പുകളോ കമ്മിഷന്റെ അന്തിമ തീരുമാനങ്ങളായി കണക്കാക്കാനാകില്ലെന്നും SIR ഉൾപ്പെടെയുള്ള തീരുമാനങ്ങൾ കമ്മിഷൻ ഏകകണ്ഠമായാണ് സ്വീകരിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.
കോൺഗ്രസിന്റെ പ്രതിഷേധം സെപ്റ്റംബർ 25ന് ആരംഭിച്ച് തുടർ ദിവസങ്ങളിലും വ്യാപിപ്പിക്കാനാണ് തീരുമാനം. സെപ്റ്റംബർ 28ന് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദേശീയ നേതൃത്വം അറിയിച്ചു.


