ദോഹ: വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഖത്തർ നാഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ‘പൊന്നോണം 2026’ വിപുലമായ പരിപാടികളോടെ വർണാഭമായി. സെപ്റ്റംബർ 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ദോഹ എക്സ്പോർട്ട് ആർട്സ് & സ്പോർട്സ് സെന്ററിൽ നടന്ന ആഘോഷത്തിൽ നിരവധി പ്രവാസി മലയാളി കുടുംബങ്ങൾ പങ്കെടുത്തു.
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആവേശത്തിലാഴ്ത്തിയ വിവിധ കായിക മത്സരങ്ങൾ, കലാ-സാംസ്കാരിക പരിപാടികൾ, ഓണസദ്യ എന്നിവയായിരുന്നു ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങൾ. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ മലയാളികളുടെ പാരമ്പര്യവും സംസ്കാരവും ഒത്തുചേരലിന്റെ സന്ദേശവും ഉയർത്തിപ്പിടിക്കുന്ന വേറിട്ട അനുഭവമായി ‘പൊന്നോണം 2026’ മാറി.
WMF ഗ്ലോബൽ നേതാക്കൾ, മിഡിൽ ഈസ്റ്റ് ഭാരവാഹികൾ, ഖത്തർ നാഷണൽ കൗൺസിൽ അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ സജീവ സാന്നിധ്യവും ആഘോഷത്തിന് മാറ്റുകൂട്ടി.
ചടങ്ങിൽ WMF ഖത്തർ ജനറൽ സെക്രട്ടറി ജോസഫ് ജോർജ്(ROJO) സ്വാഗതം ആശംസിച്ചു. WMF ഖത്തർ നാഷണൽ പ്രസിഡന്റ് അജാസ് അലി അധ്യക്ഷത വഹിച്ചു. WMF ഗ്ലോബൽ വൈസ് പ്രസിഡന്റ് റിജാസ് ഇബ്രാഹിം, ഗ്ലോബൽ ബോർഡ് ഓഫ് ഡയറക്ടർ അംഗം പൗലോസ് തേപ്പാല, KBF പ്രസിഡന്റ് ഷാഹിൻ മജീദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
WMF ഗ്ലോബൽ ടൂറിസം കോർഡിനേറ്റർ മനോജ് പി.ടി., ഗ്ലോബൽ കോർഡിനേറ്റർ സുനിൽ മാധവൻ, മറ്റ് മിഡിൽ ഈസ്റ്റ് ഭാരവാഹികൾ, WMF ഖത്തർ പാട്രൺ ഹമീദ് KMS, മുൻ പാട്രൺ K.R. ജയരാജ് തുടങ്ങിയ വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പല്ലവി ജയരാജിന് യാത്രയയപ്പ്
ഖത്തറിൽ നിന്ന് ദുബായിലേക്ക് സ്ഥലം മാറിപ്പോകുന്ന WMF ഖത്തർ നാഷണൽ കൗൺസിൽ വൈസ് പ്രസിഡന്റ് പല്ലവി ജയരാജനെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. കൂടാതെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും യാത്രയയപ്പ് നൽകി.
തുടർന്ന് നടന്ന വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാ-കായിക മത്സരങ്ങളും ആഘോഷത്തിന് കൂടുതൽ നിറം പകർന്നു. കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തം പരിപാടിയുടെ ആവേശം വർധിപ്പിച്ചു.
പരിപാടിയുടെ സമാപനത്തിൽ WMF ഖത്തർ ട്രഷറർ അജയ് പുത്തൂർ നന്ദി രേഖപ്പെടുത്തി.
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ICC) അഫിലിയേഷനോടെ പ്രവർത്തിക്കുന്ന WMF ഖത്തർ നാഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം പ്രവാസി മലയാളികൾക്കിടയിലെ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുന്ന വേദിയായി.


