കോഴിക്കോട് : അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക പരിശോധന നടത്തി. കേരളത്തിലെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലകളിലായി 30ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.
കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, തെലങ്കാന എന്നിവിടങ്ങളിലും അന്വേഷണത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തി. ലഹരിക്കടത്തിലൂടെ സമ്പാദിക്കുന്ന പണം വിവിധ മാർഗങ്ങളിലൂടെ വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് അന്വേഷണത്തിന്റെ പ്രധാന പരിധിയിൽ.
ലഹരിക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ, ബാങ്ക് രേഖകൾ, സ്വത്ത് വിവരങ്ങൾ, മറ്റ് സാമ്പത്തിക രേഖകൾ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കിയതായാണ് വിവരം. റെയ്ഡിൽ പിടിച്ചെടുത്ത രേഖകളും ഡിജിറ്റൽ തെളിവുകളും അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കേന്ദ്രത്തിന്റെ ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായി
കേന്ദ്ര സർക്കാരിന്റെ ‘നശ മുക്ത് ഭാരത് അഭിയാൻ’ പദ്ധതിയുടെയും ആഭ്യന്തര മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ‘വിഷൻ ഡോക്യുമെന്റ് ഓൺ നാർക്കോട്ടിക് കൺട്രോൾ 2026–2029’ പ്രകാരം വിഭാവനം ചെയ്ത എൻഫോഴ്സ്മെന്റ് നടപടികളുടെയും ഭാഗമായാണ് പരിശോധനയെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
അതിർത്തി കടന്നുള്ള ലഹരിക്കടത്ത് തടയുന്നതിനൊപ്പം ലഹരിക്കടത്തിലൂടെ ഉണ്ടാകുന്ന അനധികൃത സാമ്പത്തിക വരുമാനം കണ്ടെത്തി മരവിപ്പിക്കുകയും അതിന്റെ ഉറവിടം കണ്ടെത്തുകയും ചെയ്യുക എന്നതാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം.
ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ലഹരിക്കടത്ത് ശൃംഖലയ്ക്കും സാമ്പത്തിക ഇടപാടുകൾക്കും പിന്നിലുള്ള ബന്ധങ്ങൾ കണ്ടെത്തുന്നതിന് വരും ദിവസങ്ങളിലും അന്വേഷണം ശക്തമാക്കാനാണ് ഇഡിയുടെ നീക്കം.


