മലയാളധ്വനി സ്പെഷ്യൽ | Exclusive Interview
കണ്ണൂർ വാരിയേഴ്സ് എഫ്.സി.യുടെ ഡയറക്ടര് മിബുജോസ് നെറ്റിക്കാടനുമായി മലയാളധ്വനി എക്സ്ക്ലൂസീവ് അഭിമുഖം
“ചാമ്പ്യന്മാരെന്ന സമ്മർദമല്ല, ഓരോ മത്സരവും പുതിയൊരു അവസരമാണ്”
ഫുട്ബോളിനോടുള്ള കടുത്ത പ്രണയം കുട്ടിക്കാലം മുതൽ മനസ്സിൽ സൂക്ഷിച്ച വ്യക്തിയാണ് ഖത്തറിലെ വ്യവസായിയും നിലവിലെ സൂപ്പർ ലീഗ് കേരള ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്.സി.യുടെ ഡയറക്ടറുമായ മിബുജോസ് നെറ്റിക്കാടൻ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖ ക്ലബ്ബുകളുടെ മത്സരങ്ങൾ നിരന്തരം പിന്തുടരുന്ന മിബുജോസ്, ഫുട്ബോളിനെ ഒരു കളിയെന്നതിലുപരി തന്ത്രവും കൂട്ടായ്മയും പോരാട്ടവീര്യവും ഒത്തുചേരുന്ന ഒരു വലിയ അനുഭവമായാണ് കാണുന്നത്.
സ്വന്തം വ്യവസായ സ്ഥാപനത്തിന്റെ പേരിൽ ഫുട്ബോൾ ടീം രൂപീകരിച്ച് നിരവധി മത്സരങ്ങളിൽ പങ്കെടുപ്പിച്ച അനുഭവവും അദ്ദേഹത്തിനുണ്ട്. ആരാധകനിൽ നിന്ന് ടീമിന്റെ ഭാഗമായും പിന്നീട് ക്ലബ് ഡയറക്ടറായും വളർന്ന മിബുജോസിന്റെ ഫുട്ബോൾ യാത്ര വ്യത്യസ്തമാണ്.
മലയാളധ്വനിയുമായി നടത്തിയ പ്രത്യേക സംഭാഷണത്തിൽ അദ്ദേഹം കണ്ണൂർ വാരിയേഴ്സിന്റെ ടീമിന്റെ നിലവാരം, മത്സരവീര്യം, താരങ്ങളുടെ പ്രകടനം, പരിശീലന സമീപനം, ആരാധകരുടെ പ്രതീക്ഷകൾ, വരാനിരിക്കുന്ന മത്സരങ്ങളിലെ ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കുന്നു.
ചോദ്യം: ഫുട്ബോളിനോടുള്ള ഈ വലിയ താൽപര്യം എങ്ങനെയാണ് ആരംഭിച്ചത്?
മിബുജോസ്: കുട്ടിക്കാലം മുതൽ തന്നെ ഫുട്ബോൾ വളരെ ഇഷ്ടമായിരുന്നു. കളി കാണുന്നതിലും മത്സരങ്ങളെക്കുറിച്ച് അറിയുന്നതിലും വലിയ താൽപര്യമുണ്ടായിരുന്നു. കാലം കഴിയുന്തോറും ആ ഇഷ്ടം കൂടുതൽ ശക്തമായി. ഇന്ന് ലോകത്തിലെ വിവിധ ക്ലബ്ബുകളുടെ മത്സരങ്ങൾ കാണാനും ടീമുകളുടെ കളിശൈലിയും താരങ്ങളുടെ പ്രകടനവും ശ്രദ്ധിക്കാനും ഞാൻ ശ്രമിക്കാറുണ്ട്.
ചോദ്യം: ലോക ഫുട്ബോളിനെ ഇത്ര അടുത്തുനിന്ന് പിന്തുടരുന്നത് ഒരു ക്ലബ് ഡയറക്ടർ എന്ന നിലയിൽ എത്രത്തോളം സഹായിക്കുന്നു?
മിബുജോസ്: ഫുട്ബോൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു കളിയാണ്. പുതിയ തന്ത്രങ്ങൾ വരുന്നു, താരങ്ങളുടെ കളിശൈലിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. വിവിധ ലീഗുകളിലെ മത്സരങ്ങൾ കാണുമ്പോൾ പല കാര്യങ്ങളും പഠിക്കാനാകും.
ഒരു മത്സരം കാണുന്നത് വിനോദം മാത്രമല്ല. ടീമിന്റെ ഘടന, കളിക്കാരുടെ നീക്കങ്ങൾ, പരിശീലകന്റെ തന്ത്രം, മത്സരത്തിനിടെ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്.
ചോദ്യം: ബിസിനസ് രംഗത്തുനിന്ന് ഫുട്ബോളിലേക്കുള്ള ഈ വരവ് എങ്ങനെയായിരുന്നു?
മിബു ജോസ്: ബിസിനസ് എനിക്ക് ഒരു പാഷനാണ്. എന്ത് ചെയ്യുമ്പോഴും അത് പൂർണതയോടെ ചെയ്യണമെന്ന ആഗ്രഹമുണ്ട്. ഖത്തറിൽ എത്തിയതിന് ശേഷം നമ്മളെല്ലാവരും ഏറ്റവും കൂടുതൽ കണ്ടറിഞ്ഞ ഒന്നാണ് ഫുട്ബോളിനുള്ള ഇവിടുത്തെ പ്രാധാന്യം. ലോക്കൽ ക്ലബ്ബുകളും അവയുടെ പ്രവർത്തനങ്ങളും, അവിടെനിന്ന് ഉയർന്നുവന്ന താരങ്ങളും ടീമുകളുമെല്ലാം എപ്പോഴും ഞങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ട്.
അങ്ങനെയാണ് കേരളത്തിലും ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗ് എന്ന ആശയത്തോട് താൽപര്യം തോന്നിയത്. സൂപ്പർ ലീഗ് കേരളയിൽ ആറ് ഫ്രാഞ്ചൈസികൾ വരുന്നത് വലിയൊരു അവസരമായിരുന്നു. ഒരു ഫ്രാഞ്ചൈസി ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ ആദ്യം കൊച്ചിക്കായി ശ്രമിച്ചിരുന്നു. എന്നാൽ ഞങ്ങളുടെ ഏറ്റവും അടുത്തതും വിശ്വസ്തരുമായ പങ്കാളികളിൽ ഭൂരിഭാഗവും കണ്ണൂരിൽ നിന്നുള്ളവരായിരുന്നു. ആ ബന്ധമാണ് ഒടുവിൽ കണ്ണൂർ ഫുട്ബോൾ ടീമിന്റെ ഭാഗമാകാൻ എന്നെ പ്രേരിപ്പിച്ചത്.
ചോദ്യം: കണ്ണൂരിനെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം ആ ബന്ധങ്ങൾ മാത്രമായിരുന്നോ?
മിബു ജോസ്: അതും വളരെ പ്രധാനപ്പെട്ട കാരണമായിരുന്നു. ബിസിനസിൽ നമ്മോടൊപ്പം നിൽക്കുന്ന പങ്കാളികൾക്ക് കണ്ണൂരുമായി വലിയ ബന്ധമുണ്ടായിരുന്നു. അതോടൊപ്പം കണ്ണൂരിന് ഫുട്ബോളിനോടുള്ള വലിയ ആവേശവും ചരിത്രവുമുണ്ട്. അവിടുത്തെ ഫുട്ബോൾ സംസ്കാരം മനസ്സിലാക്കിയപ്പോൾ ഈ ടീമിന്റെ ഭാഗമാകണമെന്ന താൽപര്യം കൂടുതൽ ശക്തമായി.
ചോദ്യം: കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ ആത്മവിശ്വാസത്തോടെയാണോ ഇത്തവണ ടീം ഇറങ്ങുന്നത്?
മിബു ജോസ്: കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരാണ് എന്ന തരത്തിലുള്ള അവകാശവാദങ്ങളൊന്നും ഇത്തവണ ഞങ്ങൾ നടത്തുന്നില്ല. പക്ഷേ ഞങ്ങൾക്ക് ടീമിൽ പൂർണ ആത്മവിശ്വാസമുണ്ട്. കഴിഞ്ഞ സീസണുകളിലെ കോച്ചിന്റെ അഭാവം ഇത്തവണ ഉണ്ടെങ്കിലും പുതിയ റഷ്യൻ കോച്ച് ആന്ദ്രേ ചെർണിഷോവ് ടീമിനൊപ്പം ചേർന്ന് പരിശീലനം ആരംഭിച്ചുകഴിഞ്ഞു. വളരെ മികച്ചൊരു ടീമിനെയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പ്രതിരോധത്തിലും മധ്യനിരയിലും ആക്രമണനിരയിലും മികച്ച താരങ്ങളുണ്ട്.
ചോദ്യം: ഇത്തവണത്തെ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണ്?
മിബു ജോസ്: ഇത്തവണ ടീമിൽ എട്ട് യുവതാരങ്ങളുണ്ട്. അതിൽ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന് 18 വയസ്സാണ്. അതിലൂടെ തന്നെ ഞങ്ങളുടെ ലക്ഷ്യം വ്യക്തമാണ്,പുതിയൊരു തലമുറയെ ഫുട്ബോളിലേക്ക് കൊണ്ടുവരണം.
യുവാക്കൾക്ക് അവസരങ്ങൾ നൽകുകയും അവരെ മികച്ച താരങ്ങളായി വളർത്തുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. ഒരു ടീമിനെ മാത്രം ഉണ്ടാക്കുക എന്നതല്ല, ഭാവിയിലേക്ക് ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ചോദ്യം: ഫുട്ബോളിനെ ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാക്കാനും കഴിയുമെന്നാണോ വിലയിരുത്തൽ?
മിബു ജോസ്: തീർച്ചയായും. ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നത് ഒരു കായിക ഇനത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതല്ല. യുവാക്കളെ ലഹരിയിൽ നിന്നും തെറ്റായ ജീവിതശൈലികളിൽ നിന്നും മാറ്റിനിർത്താനും സ്പോർട്സിന് വലിയ പങ്കുണ്ട്.
വൈകുന്നേരങ്ങളിൽ രണ്ട് മണിക്കൂർ ഫുട്ബോൾ പരിശീലനം നടത്തുന്ന ഒരു യുവാവ് സ്വാഭാവികമായും തന്റെ ആരോഗ്യത്തിലും ഫിറ്റ്നസിലും ശ്രദ്ധ കേന്ദ്രീകരിക്കും. അതിലൂടെ പുതിയൊരു തലമുറയെ ആരോഗ്യകരമായ രീതിയിൽ വളർത്തിയെടുക്കാൻ കഴിയും.
ചോദ്യം: കേരളത്തിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ഫുട്ബോളിനെ എങ്ങനെ ബന്ധിപ്പിക്കാം?
മിബു ജോസ്: യുവാക്കളെ MDMA പോലുള്ള ലഹരിവസ്തുക്കളിൽ നിന്നും മറ്റ് ലഹരി ഉപയോഗങ്ങളിൽ നിന്നും അകറ്റാൻ സ്പോർട്സിന് വലിയ സാധ്യതയുണ്ട്. ഒരു കുട്ടിക്ക് വൈകുന്നേരങ്ങളിൽ കളിക്കാനും പരിശീലിക്കാനും ഒരു ലക്ഷ്യമുണ്ടെങ്കിൽ, അവന്റെ ശ്രദ്ധ അതിലേക്ക് മാറും.
അതുകൊണ്ട് ഫുട്ബോൾ ഒരു സ്പോർട്സ് മാത്രമല്ല, യുവാക്കളുടെ ജീവിതത്തെ ആരോഗ്യകരമായ ദിശയിലേക്ക് നയിക്കുന്ന ഒരു പ്രവർത്തനമാണ്. ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലഹരിയിൽ നിന്ന് അകലം പാലിക്കാനുള്ള ഒരു സന്ദേശവും സമൂഹത്തിലേക്ക് നൽകാൻ കഴിയണം.
ചോദ്യം: കായികരംഗത്തെ വികസനം കണ്ണൂരിന്റെ സമ്പദ്വ്യവസ്ഥയെയും സ്വാധീനിക്കുമോ?
മിബു ജോസ്: തീർച്ചയായും. ഫുട്ബോൾ എന്നത് കളിയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അതിന് ചുറ്റും ഒരു സമ്പൂർണ ഇക്കോസിസ്റ്റം വളരുകയാണ്.
ഒരു ടീം നാല് മാസം നാട്ടിൽ താമസിക്കുമ്പോൾ ഹോട്ടൽ, വാഹനങ്ങൾ, ഭക്ഷണം, വിവിധ സേവനങ്ങൾ തുടങ്ങി നിരവധി മേഖലകൾക്ക് പ്രയോജനം ലഭിക്കും. അതിലൂടെ പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും ഗുണം ലഭിക്കും. ആരോഗ്യവും യുവാക്കളുടെ ജീവിതശൈലിയും തൊഴിൽ സാധ്യതകളും ഉൾപ്പെടെ നിരവധി മേഖലകളെ ഫുട്ബോൾ സ്വാധീനിക്കും.
ചോദ്യം: സ്പോർട്സ് മന്ത്രിയുമായി കണ്ണൂരിലെ ഫുട്ബോൾ വികസനത്തെക്കുറിച്ച് സംസാരിച്ചിരുന്നോ?
മിബു ജോസ്: കേരളത്തിന്റെ സ്പോർട്സ് മന്ത്രി ഒ.ജെ. ജനീഷുമായി സൂപ്പർ ലീഗ് കേരളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. അദ്ദേഹത്തിന് സ്പോർട്സിനോട് വലിയ താൽപര്യമുണ്ട്. കണ്ണൂരിലെത്തണം, കാര്യങ്ങൾ നേരിട്ട് കാണണം, നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കണം എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞത്.
ചോദ്യം: കണ്ണൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ കാര്യത്തിൽ എന്താണ് നിങ്ങളുടെ അഭിപ്രായം?
മിബു ജോസ്: ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് ചില പരിമിതികളുണ്ട്. അവ പരിഹരിക്കേണ്ടതുണ്ട്. സ്റ്റേഡിയത്തിന്റെ പരിപാലനവും അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തണം. അതിന് സർക്കാരിന്റെ പിന്തുണ അനിവാര്യമാണ്.
ക്ലബ്ബിനോ ടീമിനോ വേണ്ടി മാത്രമല്ല, കണ്ണൂരിലെ കായികരംഗത്തിന്റെ വളർച്ചയ്ക്കും ഇത് ആവശ്യമാണ്. സ്റ്റേഡിയം മികച്ച രീതിയിൽ പരിപാലിക്കാനും അതിനെ കൂടുതൽ ഉപയോഗപ്രദമാക്കാനും സർക്കാർ, ക്ലബ്, പ്രാദേശിക സമൂഹം എന്നിവരുടെ സഹകരണം ആവശ്യമാണ്.
ചോദ്യം: ഫുട്ബോൾ ഒരു നഗരത്തിന്റെ വികസനത്തിന് എങ്ങനെ സഹായിക്കും?
മിബു ജോസ്: ഫുട്ബോൾ ഒരു സ്പോർട്സ് മാത്രമല്ല. അതിന് ചുറ്റും ഒരു വലിയ ഇക്കോസിസ്റ്റം രൂപപ്പെടുന്നു. സാമ്പത്തിക വളർച്ച, ആരോഗ്യം, യുവാക്കളുടെ വികസനം, തൊഴിൽ സാധ്യതകൾ തുടങ്ങി നിരവധി മേഖലകളെ അത് സ്വാധീനിക്കും.
ഒരു ഫുട്ബോൾ ടീം ഒരു നഗരത്തിലെത്തുമ്പോൾ അതിന്റെ ഗുണം ഹോട്ടലുകൾ മുതൽ വാഹന മേഖല വരെയും പ്രാദേശിക വ്യാപാര മേഖലകളിലേക്കും എത്തും. അതുകൊണ്ടുതന്നെ ഫുട്ബോളിനെ നഗരവികസനത്തിന്റെ ഭാഗമായും കാണണം.
ചോദ്യം: യുവതാരങ്ങളുടെ കാര്യത്തിൽ വിദ്യാഭ്യാസത്തിന് എത്രത്തോളം പ്രാധാന്യം നൽകണം?
മിബു ജോസ്: വിദ്യാഭ്യാസം ഒരിക്കലും ഒഴിവാക്കാൻ പാടില്ല. കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ രണ്ട് മാതാപിതാക്കൾ എന്നെ കാണാൻ വന്നിരുന്നു. അവരുടെ മകൻ പത്താം ക്ലാസിലാണ് പഠിക്കുന്നത്. അവന്റെ വലിയ ആഗ്രഹം ഒരു ഫുട്ബോൾ താരമാകണമെന്നാണ്. എന്നാൽ പരിശീലനത്തിന്റെ തിരക്കിൽ പഠനം പിന്നോട്ടുപോകുന്നുണ്ടായിരുന്നു.
ഞാൻ അവരോട് പറഞ്ഞത് ഫുട്ബോൾ പാഷനായി തുടരട്ടെ, പക്ഷേ കുറഞ്ഞത് ഒരു ഡിഗ്രിയെങ്കിലും നേടണം എന്നാണ്. ജീവിതത്തിൽ ചില ഘട്ടങ്ങളിൽ ആ വിദ്യാഭ്യാസത്തിന്റെ വില നമുക്ക് മനസ്സിലാകും. അതുകൊണ്ട് ഫുട്ബോളിനെ ഗൗരവമായി കാണുന്നതിനൊപ്പം വിദ്യാഭ്യാസവും ഉറപ്പാക്കണം.
ചോദ്യം: ഇന്ന് ഫുട്ബോൾ ഒരു കരിയറായി തിരഞ്ഞെടുക്കാനുള്ള സാഹചര്യം വളർന്നിട്ടുണ്ടോ?
മിബു ജോസ്: തീർച്ചയായും. മുൻകാലത്തേക്കാൾ സ്പോർട്സിന് ഇന്ന് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. താരങ്ങൾക്ക് മികച്ച വരുമാന സാധ്യതകളും ലഭിക്കുന്നുണ്ട്. അണ്ടർ-23 താരങ്ങൾക്കുപോലും 50,000 മുതൽ 75,000 രൂപ വരെയുള്ള ശമ്പളം ലഭിക്കുന്ന സാഹചര്യങ്ങളുണ്ട്.
അതുകൊണ്ട് സ്പോർട്സിനെ ഒരു കരിയറായി കാണാനുള്ള അവസരങ്ങൾ വർധിച്ചുവരികയാണ്. എന്നാൽ അതിനൊപ്പം വിദ്യാഭ്യാസവും വേണം. ഫുട്ബോൾ പാഷനായി കാണാം, അതിനെ കരിയറാക്കാം, പക്ഷേ ജീവിതത്തിന് ഒരു ബാക്കപ്പ് എന്ന നിലയിൽ വിദ്യാഭ്യാസവും ഉറപ്പാക്കണം.
ചോദ്യം: കണ്ണൂർ വാരിയേഴ്സ് എഫ്സിയിലൂടെ നിങ്ങൾ കാണുന്ന വലിയ സ്വപ്നം എന്താണ്?
മിബു ജോസ്: ഒരു മികച്ച ഫുട്ബോൾ ടീമിനെ ഉണ്ടാക്കുക എന്നത് മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം. ഫുട്ബോളിലൂടെ ഒരു പുതിയ തലമുറയെ വളർത്തിയെടുക്കണം. യുവാക്കളെ സ്പോർട്സിലേക്ക് കൊണ്ടുവരണം, ലഹരിയിൽ നിന്ന് അകറ്റിനിർത്തണം, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കണം.
അതോടൊപ്പം കണ്ണൂരിന്റെ ഫുട്ബോൾ സംസ്കാരവും സാമ്പത്തിക സാധ്യതകളും കൂടുതൽ വളരണമെന്നാണ് ആഗ്രഹം. ഒരു ടീമിന്റെ വിജയം മാത്രമല്ല, അതിന് ചുറ്റുമുള്ള സമ്പൂർണ ഇക്കോസിസ്റ്റത്തിന്റെ വളർച്ചയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
ഫുട്ബോൾ ഒരു ആവേശം; കണ്ണൂർ വാരിയേഴ്സ് ഒരു ഉത്തരവാദിത്വം
കുട്ടിക്കാലത്ത് ഫുട്ബോൾ മത്സരങ്ങൾ കണ്ടിരുന്ന ഒരു ആരാധകനിൽ നിന്ന് സ്വന്തം ടീം രൂപീകരിച്ച വ്യവസായിയിലേക്കും പിന്നീട് ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബിന്റെ ഡയറക്ടറിലേക്കുമുള്ള മിബുജോസ് നെറ്റിക്കാടന്റെ യാത്ര ഫുട്ബോളിനോടുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതിഫലനമാണ്.
ലോക ഫുട്ബോളിനെ നിരന്തരം നിരീക്ഷിക്കുന്ന ആരാധകന്റെ കാഴ്ചപ്പാടും ടീമിനൊപ്പം പ്രവർത്തിക്കുന്ന ഡയറക്ടറുടെ അനുഭവവും ഒരുമിച്ചാണ് അദ്ദേഹത്തിന്റെ സമീപനം.
നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സിന് മുന്നിലുള്ള ഓരോ മത്സരവും പുതിയൊരു പരീക്ഷണമാണ്. എന്നാൽ ടീമിന്റെ കഴിവിലും കൂട്ടായ്മയിലും പോരാട്ടവീര്യത്തിലും വിശ്വാസമർപ്പിച്ചാണ് മിബുജോസ് നെറ്റിക്കാടൻ ഈ യാത്രയെ കാണുന്നത്.
കണ്ണൂർ വാരിയേഴ്സിന്റെ പോരാട്ടം മൈതാനത്ത് തുടരുമ്പോൾ, അതിന് പിന്നിൽ ഫുട്ബോളിനെ ഹൃദയത്തോടെ സ്നേഹിക്കുന്ന ഒരുപാട് മനുഷ്യരുടെ സ്വപ്നങ്ങളും അധ്വാനവുമുണ്ട്. അതിൽ ശ്രദ്ധേയമായ ഒരു പേരാണ് , മിബുജോസ് നെറ്റിക്കാടൻ.
മലയാളധ്വനി സ്പെഷ്യൽ | Exclusive Interview



