Tuesday, October 6, 2026
HomeKERALAചിറയിൻകീഴിലെ തമ്മിലടി: കെപിസിസി നടപടി തുടങ്ങി; പാളയം പ്രദീപിനും സജാദിനും സസ്പെൻഷൻ

ചിറയിൻകീഴിലെ തമ്മിലടി: കെപിസിസി നടപടി തുടങ്ങി; പാളയം പ്രദീപിനും സജാദിനും സസ്പെൻഷൻ

നടപടി കെപിസിസി മുൻ അധ്യക്ഷൻ എം.എം. ഹസന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍

തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ പരസ്യ സംഘർഷത്തിൽ കെപിസിസി നടപടി തുടങ്ങി. സംഭവത്തിൽ ആരോപണവിധേയരായ പാളയം പ്രദീപിനെയും കോൺഗ്രസ് പ്രാദേശിക നേതാവ് എസ്. സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. പൊതുജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ ഗുരുതരമായ സംഘടനാ അച്ചടക്കലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കെപിസിസി അറിയിച്ചു.

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിർദേശപ്രകാരമാണ് നടപടി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലാണ് സസ്പെൻഷൻ വിവരം അറിയിച്ചത്. സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്ന സൂചനയും നേതൃത്വത്തിൽനിന്നുണ്ട്.

രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ തർക്കം കഴിഞ്ഞ ദിവസമാണ് കൈയാങ്കളിയിലേക്ക് നീങ്ങിയത്. സജാദിന്റെ വീട്ടിൽ നടന്ന സംഘർഷത്തിൽ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു. രമ്യ ഹരിദാസിനെ ആക്രമിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം 14 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവം പാർട്ടിക്കുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചയ്ക്കാണ് വഴിവച്ചത്. പാളയം പ്രദീപിന്റെ മണ്ഡലത്തിലെ ഇടപെടലുകളെച്ചൊല്ലി നേരത്തെയും പ്രാദേശിക നേതൃത്വത്തിൽ അസ്വസ്ഥതയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രദീപ് ഔദ്യോഗിക പേഴ്സണൽ സ്റ്റാഫല്ലെന്നും രമ്യ ഹരിദാസിന്റെ സഹായിയായാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കെപിസിസി മുൻ അധ്യക്ഷൻ എം.എം. ഹസന്റെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ സമിതിയെയാണ് ആദ്യം നിയോഗിച്ചത്. രമണി പി. നായരും നെയ്യാറ്റിൻകര സനലുമായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. ഇരുവിഭാഗത്തെയും വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് നടപടി.

സംഘർഷം പാർട്ടിയുടെ പൊതുചിത്രത്തെ ബാധിച്ചെന്ന വിലയിരുത്തലാണ് കെപിസിസി നേതൃത്വത്തിനുള്ളത്. സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ കൈയാങ്കളിയായി മാറുന്നത് അംഗീകരിക്കാനാകില്ലെന്ന സന്ദേശം കൂടിയാണ് സസ്പെൻഷനിലൂടെ നേതൃത്വം നൽകുന്നത്.

അതേസമയം, രമ്യ ഹരിദാസിനെതിരെയും പാർട്ടിക്കുള്ളിൽ പരാതികൾ ഉയർന്നിട്ടുണ്ട്. അവയിൽ കൂടുതൽ പരിശോധനയ്ക്കുശേഷം തീരുമാനമുണ്ടാകുമെന്നാണ് സൂചന. നിലവിലെ നടപടി അന്തിമമല്ലെന്നും അന്വേഷണത്തിന്റെ തുടർനടപടികൾക്കുശേഷം കൂടുതൽ അച്ചടക്ക നടപടികൾ ഉണ്ടായേക്കാമെന്നുമാണ് കോൺഗ്രസ് വൃത്തങ്ങളിൽനിന്നുള്ള വിവരം.

ചിറയിൻകീഴ് കോൺഗ്രസിലെ ആഭ്യന്തര തർക്കം ഇതോടെ കൂടുതൽ സങ്കീർണമാകുകയാണ്. എംഎൽഎയും പ്രാദേശിക നേതൃത്വവും തമ്മിലുള്ള ഭിന്നതയ്ക്ക് സംഘടനാ തലത്തിൽ പരിഹാരം കാണുക എന്നത് കെപിസിസിക്ക് മുന്നിലെ അടുത്ത വെല്ലുവിളിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments