കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസിൽ പ്രതികൾ സാമ്പത്തിക നേട്ടത്തിനായി ടെലഗ്രാം ഗ്രൂപ്പുകൾ ഉപയോഗിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഏകദേശം 1,500 അംഗങ്ങളുള്ള പ്രമോഷൻ ഗ്രൂപ്പിലൂടെ മോർഫ് ചെയ്ത ചിത്രങ്ങളുടെ ചെറിയ ഭാഗങ്ങൾ പ്രചരിപ്പിച്ച് ആളുകളെ ആകർഷിച്ചശേഷം പണമടച്ചുള്ള ‘പ്രീമിയം’ ഗ്രൂപ്പിലേക്ക് എത്തിക്കുകയായിരുന്നു രീതിയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
‘മല്ലു പ്രീമിയം’ എന്ന പേരിൽ പ്രത്യേക പെയ്ഡ് ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഗ്രൂപ്പിൽ പ്രവേശിക്കാൻ 250 രൂപ വീതം ഈടാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. പണം സ്വീകരിക്കാൻ ഉപയോഗിച്ച ക്യുആർ കോഡും മറ്റ് ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
കേസിലെ രണ്ടാം പ്രതിയായ സനീഷ് ആണ് മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഒന്നാം പ്രതിയായ എസ്. ശ്രീഹരി ടെലഗ്രാം വഴി കൈമാറിയ ചിത്രങ്ങളാണ് സനീഷ് പ്രചരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഗ്രൂപ്പിലെ അംഗങ്ങളിൽ പലരും 18നും 21നും ഇടയിൽ പ്രായമുള്ളവരാണെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പ്രവർത്തനം മറ്റ് ജില്ലകളിലേക്കും വ്യാപിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ സൂചന.


