Tuesday, October 6, 2026
HomeKERALAനെഹ്റു ട്രോഫി വള്ളംകളി:കന്നിയങ്കത്തിൽ തന്നെ നെഹ്റു ട്രോഫി സ്വന്തമാക്കി അരോമ ചുണ്ടൻ,

നെഹ്റു ട്രോഫി വള്ളംകളി:കന്നിയങ്കത്തിൽ തന്നെ നെഹ്റു ട്രോഫി സ്വന്തമാക്കി അരോമ ചുണ്ടൻ,

72-ാമത് നെഹ്റു ട്രോഫി വള്ളംകളി പുന്നമടക്കായലിൽ മുഖ്യമന്ത്രി വിഡി സതീശൻ  ഉദ്ഘാടനം ചെയ്‌തു.

സഹകരണ എക്സൈസ് മന്ത്രി എം. ലിജു ചടങ്ങിൽ അധ്യക്ഷനായി. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ആണ് ഇത്തവണ മുഖ്യാതിഥി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്‌തു. ടൂറിസം വകുപ്പ് മന്ത്രി പിസി വിഷ്‌ണുനാഥ് പതാക ഉയർത്തിയതോടെ വള്ളം കളിയ്‌ക്ക് ഔദ്യോഗിക തുടക്കമായി.കെ സി വേണുഗോപാല്‍ എം പി,കൊടിക്കുന്നില്‍ സുരേഷ് എം പി തുടങ്ങിയവരും സന്നിഹിതരായിരുന്നു

കന്നിയങ്കത്തിൽ തന്നെ നെഹ്റു ട്രോഫി നേടിയ അരോമ ചുണ്ടന്റെയും ബോട്ട് ക്ലബ്ബിന്റെയും കഥ

ആലപ്പുഴയുടെ പുന്നമടക്കായലിൽ ഇന്ന് അരങ്ങേറിയ 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ചരിത്രം കുറിച്ചിരിക്കുകയാണ് കൊല്ലം പൂയപ്പള്ളിയിൽ നിന്നുള്ള അരോമ ബോട്ട് ക്ലബ്. കന്നിയങ്കത്തിൽ തന്നെ നെഹ്റു ട്രോഫി സ്വന്തമാക്കിയ അരോമ ചുണ്ടൻ, ജലോത്സവത്തിന്റെ ചരിത്രത്തിൽ പുത്തൻ അധ്യായമാണ് എഴുതിയത്. ഫൈനലിൽ 4 മിനിറ്റ് 23.328 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അരോമ കിരീടം സ്വന്തമാക്കിയത്. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും വീയപുരം മൂന്നാം സ്ഥാനവും മേൽപാടം നാലാം സ്ഥാനവും നേടി.

‘കൊല്ലംകാരോട് വെളച്ചിലെടുക്കല്ലേ…’ എന്നൊരു നാടൻ മുന്നറിയിപ്പുപോലെ, പുന്നമടയിലെ ഓളങ്ങളിൽ ഇന്ന് അരോമ ചുണ്ടൻ എല്ലാവർക്കും മറുപടി നൽകി. നെഹ്റു ട്രോഫി വേദിയിൽ ആദ്യമായി എത്തിയ ഒരു പുതിയ ബോട്ട് ക്ലബ്ബ് ഇത്രയും വലിയ വേദിയിൽ കിരീടം ചൂടുന്നത് തന്നെ അപൂർവ നേട്ടം. അതും ആദ്യ സീസണിൽ തന്നെ. കൊല്ലം ജില്ലയിലെ പൂയപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന അരോമ ബോട്ട് ക്ലബ്ബാണ് ഈ ചരിത്രവിജയത്തിന് പിന്നിൽ. അരോമ ചുണ്ടന്റെ ഔദ്യോഗിക ടീം ഓഫിസും കൊല്ലം പരവൂർ മേഖലയിലാണ്.

കന്നിയങ്കത്തിൽ തന്നെ ‘രാജപ്രമുഖൻ’

അരോമയുടെ കഥ തുടങ്ങുന്നത് നെഹ്റു ട്രോഫിയിൽ നിന്നല്ല. ഈ വർഷത്തെ ജലോത്സവ സീസണിന്റെ തുടക്കമായ ചമ്പക്കുളം മൂലം വള്ളംകളിയിലായിരുന്നു അരോമ ചുണ്ടന്റെ അരങ്ങേറ്റം. പമ്പയാറ്റിൽ നടന്ന മത്സരത്തിൽ കന്നിയങ്കത്തിൽ തന്നെ അരോമ ചുണ്ടൻ രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കി. പരിചയസമ്പന്നരായ വള്ളങ്ങളെയും ക്ലബ്ബുകളെയും പിന്നിലാക്കിയാണ് പുതിയ ടീം ആദ്യ കിരീടം സ്വന്തമാക്കിയത്.

അവിടെ ലഭിച്ച ആത്മവിശ്വാസമാണ് പുന്നമടയിലേക്ക് അരോമയെ എത്തിച്ചത്. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ കിരീടം നേടിയതോടെ നെഹ്റു ട്രോഫിയിലെ അരോമയുടെ വരവ് വലിയ പ്രതീക്ഷയോടെയായിരുന്നു. പരിശീലനത്തിനും ടീം ക്യാംപിനും പ്രത്യേക പ്രാധാന്യം നൽകി. നെഹ്റു ട്രോഫിക്ക് മുന്നോടിയായി അരോമ ചുണ്ടനും പായിപ്പാടൻ ചുണ്ടനും ഉൾപ്പെടെ പരിശീലനം നടത്തിയിരുന്നു.

പുതിയ ചുണ്ടൻ, പുതിയ ടീം, വലിയ സ്വപ്നം

കേരളത്തിന്റെ പരമ്പരാഗത വള്ളംകളി പാരമ്പര്യത്തെ കൂടുതൽ പ്രൊഫഷനൽ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെയാണ് അരോമ ബോട്ട് ക്ലബ് രൂപീകരിച്ചത്. അരോമ ചുണ്ടൻ ക്ലബ്ബിന്റെ ഔദ്യോഗിക റേസിങ് ടീമാണ്. 2026 ആണ് ടീമിന്റെ ആദ്യ മത്സര സീസൺ. മാസങ്ങൾ നീണ്ട തയ്യാറെടുപ്പും പരിശീലനവും കൂട്ടായ പ്രവർത്തനവുമാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ ടീമിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.

കൊല്ലം സ്വദേശിയായ അരോമ ഗ്രൂപ്പ് ചെയർമാൻ പി.കെ. സജീവ് ആണ് അരോമ ബോട്ട് ക്ലബ്ബിന്റെ പ്രസിഡന്റ്. സജീഷ് കുറുപ്പ് സെക്രട്ടറിയായും അനീഷ് ജേക്കബ് ട്രഷററായും നേതൃത്വം നൽകുന്നു. കഴിഞ്ഞ വർഷം കാരിച്ചാൽ ചുണ്ടന്റെ ക്യാപ്റ്റനായിരുന്ന പി.കെ. സജീവിന്റെ മകൻ കൂടിയായ നടൻ രഞ്ജിത്ത് സജീവിനും കുടുംബത്തിനുമുണ്ടായിരുന്ന വള്ളംകളിയോടുള്ള താൽപര്യമാണ് സ്വന്തമായി ചുണ്ടനും ബോട്ട് ക്ലബ്ബും ഒരുക്കുന്നതിലേക്കുള്ള വഴിയൊരുക്കിയത്. രഞ്ജിത്ത് സജീവാണ് അരോമ ചുണ്ടന്റെ ക്യാപ്റ്റൻ.

ദിവസങ്ങൾ മാത്രം നീണ്ട പരിശീലനം… പിന്നെ രണ്ട് കിരീടങ്ങൾ

അരോമയുടെ വിജയകഥയിലെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന് സമയമാണ്. ചമ്പക്കുളം മൂലം വള്ളംകളിയെ മുന്നിൽക്കണ്ട് പെട്ടെന്ന് പണിപൂർത്തിയാക്കി നീറ്റിലിറക്കിയ ചുണ്ടനിൽ വളരെ കുറച്ച് ദിവസത്തെ പരിശീലനത്തിന് ശേഷമാണ് ടീം ആദ്യ കിരീടം നേടിയത്.

ആദ്യ മത്സരത്തിൽ തന്നെ വിജയം. പിന്നാലെ കേരളത്തിലെ ഏറ്റവും പ്രശസ്തമായ വള്ളംകളികളിലൊന്നായ നെഹ്റു ട്രോഫി. പുന്നമടയിലെ വമ്പന്മാരുടെ നിരയ്ക്കിടയിൽ പുതുമുഖമായ അരോമയ്ക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല.

നെഹ്റു ട്രോഫിയുടെ ചുണ്ടൻ വിഭാഗത്തിലെ നാലാം ഹീറ്റിലായിരുന്നു അരോമയുടെ മത്സരം. സെന്റ് പയസ് Xth, കാരിച്ചാൽ, ചെറുതന എന്നീ പരിചയസമ്പന്നരായ വള്ളങ്ങൾക്കൊപ്പമാണ് അരോമ ഇറങ്ങിയത്.

പ്രാഥമിക മത്സരത്തിൽ തന്നെ വലിയ പ്രകടനം പുറത്തെടുക്കാനാകാതെ പോയെങ്കിലും ഫൈനലിലെത്തിയ അരോമ അവിടെ തങ്ങളുടെ യഥാർഥ കരുത്ത് പുറത്തെടുത്തു. അനുയോജ്യമായ ട്രാക്ക് ലഭിച്ചതോടെ താളപ്പൊരുത്തത്തോടെ തുഴഞ്ഞ സംഘം അവസാന ഘട്ടത്തിൽ മുന്നിലെത്തി. 4 മിനിറ്റ് 23.328 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കിരീടം ഉറപ്പിച്ചു.

പുന്നമടയിൽ എഴുതിയത് പുതിയ ചരിത്രം

നെഹ്റു ട്രോഫിയുടെ ഔദ്യോഗിക വിജയപ്പട്ടികയിൽ 2025-ലെ ജേതാവ് വീയപുരം, അതിനു മുൻപ് കാരിച്ചാൽ, നടുഭാഗം, പായിപ്പാടൻ തുടങ്ങിയ വമ്പൻ പേരുകളാണ് കാണുന്നത്. എന്നാൽ 2026-ൽ ആ പട്ടികയിൽ പുതിയൊരു പേര് കൂടി ചേർന്നു—അരോമ.

വള്ളംകളിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ ആലപ്പുഴ, കുട്ടനാട്, കോട്ടയം മേഖലകളിലെ നിരവധി പ്രമുഖ ബോട്ട് ക്ലബ്ബുകൾക്കിടയിലേക്കാണ് കൊല്ലം പൂയപ്പള്ളിയിൽ നിന്നുള്ള ഈ പുതിയ ടീം കടന്നുവന്നത്. ആദ്യ സീസണിൽ തന്നെ ചമ്പക്കുളം മൂലം കിരീടവും പിന്നാലെ നെഹ്റു ട്രോഫിയും സ്വന്തമാക്കിയതോടെ അരോമയുടെ അരങ്ങേറ്റം ഇനി വെറും ‘കന്നിയങ്കം’ മാത്രമല്ല, ഒരു ജലവിപ്ലവത്തിന്റെ തുടക്കമായി മാറുകയാണ്.

അരോമ ബോട്ട് ക്ലബ്ബിന്റെ ഔദ്യോഗിക രേഖകളും ടീമിന്റെ 2026 സീസണിനെ ‘Debut Season’ എന്നാണ് വിശേഷിപ്പിക്കുന്നത്. ആദ്യ ട്രോഫിക്ക് പിന്നാലെ നെഹ്റു ട്രോഫിയാണ് അടുത്ത ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ടീം ആ ലക്ഷ്യവും ഇപ്പോൾ സ്വന്തമാക്കി.

‘കൊല്ലംകാരാണ്’ എന്ന് പുന്നമട കേട്ട ദിവസം

വള്ളംകളി കേരളത്തിന്റെ ഒരു കായിക വിനോദം മാത്രമല്ല. ഓരോ ചുണ്ടനും ഓരോ ബോട്ട് ക്ലബ്ബിനും പിന്നിൽ നാടിന്റെ അഭിമാനവും കൂട്ടായ്മയും വിയർപ്പുമുണ്ട്. ആ നിരയിലേക്ക് കൊല്ലത്തിന്റെ പേരുമായി എത്തിയ അരോമ ബോട്ട് ക്ലബ്, ആദ്യ അവസരത്തിൽ തന്നെ കേരളത്തിന്റെ ജലകായിക ഭൂപടത്തിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചു.

പൂയപ്പള്ളിയിൽ നിന്നാരംഭിച്ച യാത്ര ചമ്പക്കുളത്ത് രാജപ്രമുഖൻ ട്രോഫിയിലെത്തി. അവിടെനിന്ന് പുന്നമടയിലേക്ക്. ഒടുവിൽ കേരളത്തിന്റെ ഏറ്റവും വലിയ വള്ളംകളി വേദിയിൽ നെഹ്റു ട്രോഫി കിരീടവുമായി മടങ്ങുമ്പോൾ അരോമയുടെ കഥയ്ക്ക് ഒരു പ്രത്യേകതയുണ്ട് ,ആദ്യ സീസൺ, ആദ്യ നെഹ്റു ട്രോഫി.

അതുകൊണ്ടുതന്നെ ഇന്ന് പുന്നമടയിലെ ഓളങ്ങൾ പറയുന്ന കഥ ഒന്നുതന്നെ:

അരോമ വന്നാൽ ഓളവും വഴിമാറും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments