നിലവിലെ സൂപ്പർ ലീഗ് കേരള ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സിന്റെ പരിശീലകനാണ് 58കാരനായ ചെർനിഷോവ്
2021ൽ മൊഹമ്മദൻ എസ്സിയെ 40 വർഷത്തിന് ശേഷം കൽക്കട്ട ഫുട്ബോൾ ലീഗ് കിരീടത്തിലേക്ക് നയിച്ചത് ചെർനിഷോവായിരുന്നു. അതേ വർഷം ടീമിനെ ഡ്യൂറൻഡ് കപ്പ് ഫൈനലിലേക്കും അദ്ദേഹം എത്തിച്ചു
ഇന്ത്യൻ ഫുട്ബോളിൽ യുവതാരങ്ങളുടെ പരിശീലനത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ആന്ദ്രേ ചെർനിഷോവ്
കണ്ണൂർ: ഇന്ത്യൻ ഫുട്ബോളിന്റെ നിലവാരം ഉയർത്താൻ കുട്ടികളെയും യുവതാരങ്ങളെയും കേന്ദ്രീകരിച്ചുള്ള പരിശീലനത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് റഷ്യൻ പരിശീലകൻ ആന്ദ്രേ ചെർനിഷോവ്. മികച്ച നിലവാരത്തിലുള്ള യുവ ഫുട്ബോൾ അക്കാദമികൾ വളർത്തിയെടുക്കുന്നതിനൊപ്പം, കുട്ടികളെ പരിശീലിപ്പിക്കാൻ കഴിവുള്ള മികച്ച പരിശീലകരെ കണ്ടെത്തി രംഗത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സൂപ്പർ ലീഗ് കേരള ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സിന്റെ പരിശീലകനാണ് 58കാരനായ ചെർനിഷോവ്. സെപ്റ്റംബർ 25ന് ആരംഭിക്കുന്ന സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് മുന്നോടിയായാണ് അദ്ദേഹം ടീമിന്റെ ചുമതലയേറ്റത്.
റഷ്യൻ വമ്പന്മാരായ സ്പാർട്ടക് മോസ്കോ, ഡൈനാമോ മോസ്കോ തുടങ്ങിയ ക്ലബ്ബുകൾക്കായി കളിക്കുകയും പിന്നീട് പരിശീലകനായി പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ചെർനിഷോവ്, ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി യുവ ഫുട്ബോളിന്റെ വികസനമാണെന്ന് അഭിപ്രായപ്പെട്ടു.
“ഇത് ഇന്ത്യയുടെ മാത്രം പ്രശ്നമല്ല. റഷ്യ, സെർബിയ, മസിഡോണിയ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലും സമാനമായ സാഹചര്യങ്ങളുണ്ട്. അതിനുള്ള പരിഹാരം യുവ ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇന്ത്യയിൽ ഇത് നിർബന്ധമായും ചെയ്യേണ്ട കാര്യമാണ്. കുട്ടികളുമായി വളരെ പ്രൊഫഷണൽ രീതിയിൽ പ്രവർത്തിക്കണം. ഈ തലത്തിൽ മികച്ച പരിശീലകർ ഉണ്ടാകുകയും വേണം,”

ജപ്പാനും ദക്ഷിണ കൊറിയയും മാതൃക
ജപ്പാനും ദക്ഷിണ കൊറിയയും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഫുട്ബോളിൽ കൈവരിച്ച വളർച്ചയും ചെർനിഷോവ് ചൂണ്ടിക്കാട്ടി.
30 വർഷം മുമ്പ് ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും ഫുട്ബോളിന്റെ നിലവാരം ഇന്ത്യ, ഇറാൻ, കുവൈത്ത് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളുടേതിന് സമാനമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
എന്നാൽ പിന്നീട് ഈ രാജ്യങ്ങൾ നിരവധി മികച്ച ഫുട്ബോൾ അക്കാദമികൾ സ്ഥാപിക്കുകയും യൂറോപ്പിൽ നിന്നുള്ള പരിശീലകരെ എത്തിക്കുകയും ചെയ്തു. സ്പെയിൻ, പോർച്ചുഗൽ, സെർബിയ, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പരിശീലകരുടെ സേവനം അവർ പ്രയോജനപ്പെടുത്തി. മികച്ച വിദേശ താരങ്ങളെയും ടീമുകളിലേക്ക് കൊണ്ടുവന്നത് വളർച്ചയ്ക്ക് സഹായകമായെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പരിശീലകർക്കും വലിയ പങ്ക്
യുവതാരങ്ങളുടെ പരിശീലനത്തിൽ ഇന്ത്യൻ പരിശീലകർക്കും വലിയ പങ്കുവഹിക്കാനാകുമെന്ന് ചെർനിഷോവ് വ്യക്തമാക്കി. എന്നാൽ ലോകത്തിലെ മികച്ച ഫുട്ബോൾ അക്കാദമികൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പരിശീലകർ മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്പെയിൻ, പോർച്ചുഗൽ, ക്രൊയേഷ്യ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ അക്കാദമികളുടെ പരിശീലന രീതികളും സംവിധാനങ്ങളും ഇന്ത്യൻ പരിശീലകർ പഠിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
കുട്ടികൾക്ക് ചെറുപ്പം മുതൽ ഉയർന്ന നിലവാരത്തിലുള്ള പരിശീലനം ലഭിച്ചാൽ പ്രൊഫഷണൽ ഫുട്ബോളിലേക്ക് എത്തുമ്പോൾ അവർ അതിന് തയ്യാറായിരിക്കുമെന്നും ചെർനിഷോവ് പറഞ്ഞു.
മൊഹമ്മദൻ എസ്സിക്കൊപ്പം ശ്രദ്ധേയ നേട്ടങ്ങൾ
ഇന്ത്യൻ ഫുട്ബോളിൽ നേരത്തെ തന്നെ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ പരിശീലകനാണ് ആന്ദ്രേ ചെർനിഷോവ്.
2021ൽ മൊഹമ്മദൻ എസ്സിയെ 40 വർഷത്തിന് ശേഷം കൽക്കട്ട ഫുട്ബോൾ ലീഗ് കിരീടത്തിലേക്ക് നയിച്ചത് ചെർനിഷോവായിരുന്നു. അതേ വർഷം ടീമിനെ ഡ്യൂറൻഡ് കപ്പ് ഫൈനലിലേക്കും അദ്ദേഹം എത്തിച്ചു.
2021-22 ഐ-ലീഗ് സീസണിലും മൊഹമ്മദൻ എസ്സിയെ ഫൈനലിലെത്തിച്ച ചെർനിഷോവ്, 2023-24 സീസണിൽ ക്ലബ്ബിന് ആദ്യ ഐ-ലീഗ് കിരീടം നേടിക്കൊടുക്കുന്നതിലും പങ്കുവഹിച്ചു.
ഇപ്പോൾ കണ്ണൂർ വാരിയേഴ്സിന്റെ പരിശീലക ചുമതലയിലുള്ള ചെർനിഷോവിന്റെ നേതൃത്വത്തിൽ മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യന്മാർ എങ്ങനെ മുന്നേറും എന്നതും കേരളത്തിലെ ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുകയാണ്.


