“എ.ഐ. നിർമിത വീഡിയോ” ഡിജിറ്റൽ അപകീർത്തി, ഡീപ്‌ഫേക്ക് തുടങ്ങിയ പുതിയ വെല്ലുവിളികളെ നേരിടാൻ നിലവിലുള്ള നിയമസംവിധാനത്തിൽ സമയബന്ധിതമായ മാറ്റങ്ങൾ ആവശ്യമാണ്’ -മുഖ്യമന്ത്രി
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെ കെ.എസ്.ഇ.ബി ജീവനക്കാർക്കൊപ്പം നൃത്തം ചെയ്യുന്നതായി ചിത്രീകരിച്ച എ.ഐ. നിർമിത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഡീപ്‌ഫേക്ക് ഉൾപ്പെടെയുള്ള എ.ഐ. സൃഷ്ടികളുടെ നിയമപരമായ പ്രത്യാഘാതങ്ങൾ ചർച്ചയാക്കി മുഖ്യമന്ത്രി.
വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ കെ.എസ്.ഇ.ബി ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി നൃത്തം ചെയ്യുന്നതായാണ് ചിത്രീകരിച്ചിരുന്നത്. വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരമാണ് ലഭിച്ചത്. എ.ഐ. ഉപയോഗിച്ച് ഇത്തരത്തിലുള്ള ദൃശ്യങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നതിൽ താൻ അത്ഭുതപ്പെട്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സാങ്കേതികവിദ്യ അതിവേഗം വികസിക്കുന്ന സാഹചര്യത്തിൽ സംഗീതം, ദൃശ്യങ്ങൾ, വീഡിയോകൾ തുടങ്ങി വിവിധ തരത്തിലുള്ള ഉള്ളടക്കങ്ങൾ എ.ഐ. ഉപയോഗിച്ച് സൃഷ്ടിക്കാനാകുന്ന സ്ഥിതിയാണുള്ളതെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ അപകീർത്തി, ഡീപ്‌ഫേക്ക് തുടങ്ങിയ പുതിയ വെല്ലുവിളികളെ നേരിടാൻ നിലവിലുള്ള നിയമസംവിധാനത്തിൽ സമയബന്ധിതമായ മാറ്റങ്ങൾ ആവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിൽ നടന്ന ‘Music, Cinema and Law: Exploring the Intersections of Art, Culture and Law’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കലാസൃഷ്ടികളുടെ പകർപ്പവകാശ സംരക്ഷണത്തിനൊപ്പം എ.ഐ. സാങ്കേതികവിദ്യ ഉയർത്തുന്ന പുതിയ നിയമപ്രശ്നങ്ങളും ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എ.ഐ. ഉപയോഗിച്ച് വ്യക്തികളുടെ മുഖവും ശബ്ദവും ചലനങ്ങളും പുനഃസൃഷ്ടിച്ച് യാഥാർഥ്യമെന്ന് തോന്നിക്കുന്ന വ്യാജ ഉള്ളടക്കങ്ങൾ നിർമിക്കുന്നത് വർധിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഡീപ്‌ഫേക്ക് സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാൻ ശക്തമായ നിയമപരമായ സംവിധാനങ്ങൾ ആവശ്യമാണെന്ന ചർച്ചയ്ക്കും ഇത് വഴിവെച്ചിരിക്കുകയാണ്.


