‘കേരളത്തിലെ സിപിഎം ഇപ്പോൾ ‘ആന്തരിക ചികിത്സയിലാണ്’ , ചില ഘട്ടങ്ങളിൽ പാർട്ടിക്കുള്ളിൽ ‘ചവിട്ടിപ്പിഴിയൽ’ വേണ്ടിവരുമെന്നും”എം.എ. ബേബി പറഞ്ഞു.
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ പിണറായി വിജയൻ കണ്ണൂരിൽ നടത്തിയ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സ്ഥാനാർഥികളെക്കുറിച്ച് പരാതികളുണ്ടായിരുന്നാലും അതിന്റെ പേരിൽ പാർട്ടി പ്രവർത്തകർ വോട്ട് മാറ്റി ചെയ്യാൻ പാടില്ലായിരുന്നുവെന്നാണ് ബേബിയുടെ നിലപാട്. ഏത് സാഹചര്യത്തിലും പാർട്ടിക്കെതിരെ നിലപാട് സ്വീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി സ്ഥാനാർഥികളെ സംബന്ധിച്ച് പ്രവർത്തകർക്ക് പരാതികളുണ്ടാകാം. എന്നാൽ പരാതി പാർട്ടിക്കുള്ളിൽ ഉന്നയിക്കുകയാണ് വേണ്ടത്. സ്ഥാനാർഥി ആരായാലും പാർട്ടി പ്രവർത്തകർ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണമായിരുന്നുവെന്നും ബേബി പറഞ്ഞു. ഇതോടെ തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി പ്രവർത്തകർക്ക് വീഴ്ച സംഭവിച്ചെന്ന പിണറായി വിജയന്റെ വാദത്തിന് സിപിഎം ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിക്കുന്നുവെന്ന സന്ദേശമാണ് പുറത്തുവരുന്നത്.
‘പാർട്ടി ആന്തരിക ചികിത്സയിൽ’
കേരളത്തിലെ സിപിഎം ഇപ്പോൾ ‘ആന്തരിക ചികിത്സയിലാണ്’ എന്ന് എം.എ. ബേബി പറഞ്ഞു. ചില ഘട്ടങ്ങളിൽ പാർട്ടിക്കുള്ളിൽ ‘ചവിട്ടിപ്പിഴിയൽ’ വേണ്ടിവരുമെന്നും അത് തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. മേൽഘടകങ്ങളിലുള്ള നേതാക്കളും പാർലമെന്ററി വ്യതിയാനങ്ങളിൽനിന്ന് പൂർണമായി മുക്തരല്ലെന്നും ബേബി ചൂണ്ടിക്കാട്ടി.
ജനങ്ങളുമായി പാർട്ടിക്കുണ്ടായ അകലം ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പാർട്ടിയെ വിമർശിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കിയ ചില കാര്യങ്ങൾ പാർട്ടിയിലും ഉണ്ടായിട്ടുണ്ടെന്നും ബേബി സമ്മതിച്ചു. അതേസമയം, തിരുത്തൽ നടപടി തുടർച്ചയായ പ്രക്രിയയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേതൃമാറ്റ ചർച്ച മാധ്യമസൃഷ്ടിയെന്ന് എം എ ബേബി
കേരളത്തിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ മാധ്യമങ്ങൾ സൃഷ്ടിച്ച അജണ്ടയാണെന്നും ബേബി പറഞ്ഞു. എന്നാൽ പാർട്ടിയിൽ ആവശ്യമായ തിരുത്തലുകൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതിയിലെ ചർച്ചകൾ നേരത്തെ സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും ബേബി അറിയിച്ചു.
തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും നേരത്തെ വിലയിരുത്തൽ നടത്തിയിട്ടുണ്ടെന്നും ആ വിലയിരുത്തൽ പാർട്ടി രേഖയായി പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി നടക്കുന്ന ചർച്ചകളുടെ പ്രധാന ലക്ഷ്യം പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ രൂപപ്പെടുത്തുകയായിരിക്കുമെന്നും ബേബി വ്യക്തമാക്കി.
പിണറായിയുടെ വാദത്തിന് ദേശീയ നേതൃത്വത്തിന്റെ പിന്തുണ
കണ്ണൂരിലെ ശക്തികേന്ദ്രങ്ങളിൽ പാർട്ടിക്കുണ്ടായ തിരിച്ചടിക്ക് പ്രവർത്തകരുടെ നിലപാടുകളും വോട്ട് ചോർച്ചയും കാരണമായെന്ന പിണറായി വിജയന്റെ പ്രസംഗം സിപിഎമ്മിനുള്ളിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. പാർട്ടി തന്നെ തയ്യാറാക്കിയ തിരഞ്ഞെടുപ്പ് അവലോകന രേഖയിൽ സ്ഥാനാർഥി നിർണയത്തിലെയും നേതൃത്വത്തിലെയും വീഴ്ചകൾ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ പിണറായിയുടെ പ്രസ്താവന വ്യത്യസ്ത വ്യാഖ്യാനങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഇതിനിടെയാണ് പിണറായിയുടെ നിലപാടിനെ പിന്തുണച്ച് എം.എ. ബേബി രംഗത്തെത്തിയത്. പാർട്ടിയോട് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും പാർട്ടിക്കെതിരെ വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന സന്ദേശമാണ് ബേബിയുടെ പ്രതികരണത്തിലൂടെ സിപിഎം നേതൃത്വം നൽകുന്നത്. അതേസമയം, പാർട്ടിക്കുള്ളിലെ തെറ്റുകൾ തിരുത്തുമെന്നും സ്വയംവിമർശനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
‘പ്രവർത്തകർക്ക് തെറ്റ് പറ്റിയോ എന്ന് പരിശോധിക്കും; അതിന് പാർട്ടി നിലപാടുകൾ കാരണമായിരുന്നോ എന്നും പരിശോധിക്കും’ എന്ന ബേബിയുടെ പ്രതികരണം, ഒരേസമയം പ്രവർത്തകരുടെ വോട്ട് മാറ്റത്തെ വിമർശിക്കുകയും പാർട്ടിയുടെ ഭാഗത്തുണ്ടായ വീഴ്ചകൾ പരിശോധിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്യുന്ന നിലപാടായാണ് വിലയിരുത്തപ്പെടുന്നത്.
.


