തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനല്ല, ജനങ്ങൾക്കാണ് എന്ന തരത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നടത്തിയ പരാമർശങ്ങളെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തളിപ്പറമ്പിലും പയ്യന്നൂരിലും പിണറായി നടത്തിയ പ്രസംഗങ്ങളിൽ തെറ്റായി ഒന്നുമില്ലെന്നും ജനങ്ങൾ എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന കാര്യമാണ് അദ്ദേഹം വിശദീകരിച്ചതെന്നും ഗോവിന്ദൻ പറഞ്ഞു.
പാർട്ടി സ്ഥാനാർഥികൾക്കെതിരെ വോട്ട് ചെയ്യാൻ പാർട്ടി അംഗങ്ങൾക്ക് അവകാശമില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടി സ്ഥാനാർഥികൾക്ക് അനുകൂലമായി നിൽക്കാതിരുന്നതിനെ വിമർശനാത്മകമായി ചൂണ്ടിക്കാണിക്കുകയാണ് പിണറായി ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.
“പിണറായി പറഞ്ഞതെല്ലാം ശരി”
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പിണറായി നടത്തിയ പ്രസംഗങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചത്. തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് നേതൃത്വം ഉത്തരവാദിയാണെന്ന വിമർശനങ്ങൾക്കിടെയാണ് ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതാണ് പരാജയത്തിന് കാരണമെന്ന വിശദീകരണവുമായി പിണറായി രംഗത്തെത്തിയത്.
പിണറായിയുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോൾ “ജനങ്ങൾ എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടു എന്നുള്ള കാര്യങ്ങളാണ് അദ്ദേഹം വിശദീകരിച്ചത്. പറഞ്ഞതെല്ലാം ശരിയാണ്” എന്ന നിലപാടാണ് ഗോവിന്ദൻ സ്വീകരിച്ചത്.
അതേസമയം, “തെറ്റ് പറ്റിയത് പാർട്ടിക്കാണോ, ജനങ്ങൾക്കാണോ?” എന്ന മാധ്യമപ്രവർത്തകരുടെ നേരിട്ടുള്ള ചോദ്യത്തിന് എം.വി. ഗോവിന്ദൻ മറുപടി നൽകിയില്ല. ഇതോടെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച സിപിഎമ്മിനുള്ളിലെ ചർച്ചകൾ കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നേടുകയാണ്.
കേന്ദ്ര കമ്മിറ്റി കണ്ടെത്തലും ചർച്ചയിൽ
തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ച സംഭവിച്ചെന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തലിന് വിരുദ്ധമായാണ് പിണറായിയുടെ വിശദീകരണമെന്ന വിമർശനം പാർട്ടിക്കുള്ളിൽനിന്നുതന്നെ ഉയർന്നിട്ടുണ്ട്. തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ പിണറായിയുടെ പ്രസംഗത്തെ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വിശേഷിപ്പിച്ചിരുന്നു. സ്ഥാനാർഥി നിർണയത്തിലെ പാളിച്ച ഉൾപ്പെടെയുള്ള സംഘടനാ വീഴ്ചകൾ ചർച്ച ചെയ്യേണ്ട സമയത്ത് അതിനെ മറികടന്ന് ജനങ്ങളെ കുറ്റപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചതെന്നായിരുന്നു വിമർശനം.
ഇതിനിടെ, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടി തെറ്റുകൾ അംഗീകരിച്ച് തിരുത്തൽ നടപടികളിലേക്ക് പോകുമെന്നായിരുന്നു എം.വി. ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇപ്പോഴത്തെ വിശദീകരണം ആ നിലപാടുമായി എങ്ങനെ പൊരുത്തപ്പെടുമെന്നതും പാർട്ടിക്കുള്ളിൽ ചർച്ചയാകാൻ സാധ്യതയുണ്ട്.
ഒരുവശത്ത് “തെറ്റ് തിരുത്തണം” എന്ന പാർട്ടി നിലപാടും മറുവശത്ത് “ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു” എന്ന പിണറായി -ഗോവിന്ദൻ വിശദീകരണവും തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിലെ ഉത്തരവാദിത്ത ചർച്ച വീണ്ടും ചൂടുപിടിക്കുകയാണ്.


