നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്സിയും തൃശൂർ മാജിക് എഫ്സിയും തമ്മിലാണ് ഉദ്ഘാടന പോരാട്ടം
കേരളത്തിന്റെ ഫുട്ബോൾ ആവേശത്തിന് വീണ്ടും തീപിടിപ്പിച്ച് സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് സെപ്റ്റംബർ 25ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്സിയും തൃശൂർ മാജിക് എഫ്സിയും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. കണ്ണൂർ ജവഹർ സ്റ്റേഡിയമാണ് ആദ്യ മത്സരത്തിന് വേദിയാകുന്നത്.
പന്തുരുളുന്നത് സെപ്റ്റംബർ 25ന്
ആറ് ടീമുകൾ അണിനിരക്കുന്ന മൂന്നാം സീസണിൽ ആകെ 35 മത്സരങ്ങളാണ് നടക്കുക. ഡിസംബർ 12നാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്. ഹോം-എവേ അടിസ്ഥാനത്തിലുള്ള മത്സരങ്ങൾക്ക് ശേഷം മികച്ച നാല് ടീമുകൾ സെമിഫൈനലിലേക്ക് മുന്നേറും.
ഇത്തവണ സെമിഫൈനൽ മത്സരങ്ങൾ രണ്ട് പാദങ്ങളിലായിരിക്കും നടക്കുക. ലീഗ് ഘട്ടത്തിൽ നിശ്ചിത സമയത്ത് മത്സരം സമനിലയിലായാൽ വിജയിയെ കണ്ടെത്താൻ ഷൂട്ടൗട്ട് നടത്തും.
ആദ്യ മൂന്ന് മത്സരങ്ങൾ
സെപ്റ്റംബർ 25ന് കണ്ണൂരിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ്–തൃശൂർ മാജിക് എഫ്സി പോരാട്ടത്തോടെയാണ് സീസൺ ആരംഭിക്കുക.
26ന് കോഴിക്കോട് കോർപറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്സിയും തിരുവനന്തപുരം കൊമ്പൻസും ഏറ്റുമുട്ടും. 27ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഫോഴ്സ കൊച്ചിയും മലപ്പുറം എഫ്സിയും നേർക്കുനേർ വരും.
മത്സരങ്ങൾ രാത്രി ഏഴിനാണ് ആരംഭിക്കുക
മലയാളധ്വനി ന്യൂസ് ഡെസ്ക് | സെപ്റ്റംബർ 21, 2026


